തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം രാജിവെക്കാനില്ലെന്ന് സംവിധായകൻ കമല്‍. മകൻ ജുനൂസ് മുഹമ്മദിന്‍റെ സിനിമ ‘നയൻ’ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്നതിന്‍റെ പേരില്‍ താൻ രാജിവെക്കേണ്ടതില്ല. ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങള്‍ വ്യക്തിഗത പുരസ്കാരങ്ങള്‍ക്ക് അപേക്ഷ നല്‍കരുതെന്ന് മാത്രമാണ് നിയമം. 

ജൂറി ചെയര്‍മാൻ മധു അമ്പാട്ട് ചെന്നൈയില്‍ നിന്നെത്തിയശേഷം ഒക്ടോബര്‍ ആദ്യം മുതല്‍ അവാര്‍ഡിനുള്ള സിനിമകള്‍ പരിഗണിച്ച് തുടങ്ങുമെന്നും കമല്‍ പറഞ്ഞു. മകന്‍റെ സിനിമ പരിഗണിക്കുന്ന സാഹചര്യത്തില്‍ കമല്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.