ആകാംക്ഷ നിറഞ്ഞതും നാടകീയവുമായ സംഭവങ്ങളാണ് ഓരോ ബിഗ് ബോസിലും നടക്കാറുള്ളത്. അഭിനേതാക്കളും മറ്റ് പ്രമുഖരും അടക്കമുള്ളവരാണ് ബിഗ് ബോസില്‍ പങ്കെടുക്കാറുള്ളത്. ബിഗ് ബോസില്‍ വിവാദങ്ങളുണ്ടാകാറുണ്ട്. ബിഗ് ബോസ് തമിഴ് പതിപ്പ് കമല്‍ഹാസന്റെ അവതരണത്തോടെ വീണ്ടും തുടങ്ങി. കമല്‍ഹാസൻ തന്നെയാണ് ബിഗ് ബോസിന്റെ ആകര്‍ഷണം. ഇത്തവണത്തെ ബിഗ് ബോസില്‍ നടി രേഖയുമുണ്ട് എന്നത് ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയാണ്.

കമല്‍ഹാസന്റെ കൂടെയും സിനിമകളില്‍ അഭിനയിച്ച നടിയാണ് രേഖ. മലയാളികളുടെ ഏയ് ഓട്ടോയിലെ മീനുകുട്ടി. മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടി. രേഖ ഒരിക്കല്‍ കമല്‍ഹാസന്റെ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. കമല്‍ഹാസന്റെ നായികയായായിരുന്നു സിനിമയില്‍ രേഖ. തന്നോട് പറയാതെ ഒരു ചുംബന രംഗം പുന്നഗൈ മന്നൻ എന്ന സിനിമയില്‍ ചേര്‍ത്തുവെന്നായിരുന്നു രേഖ തുറന്നുപറഞ്ഞത്.

ഒരു അഭിമുഖത്തില്‍ ആയിരുന്നു രേഖ അക്കാര്യം തുറന്നുപറഞ്ഞത്. ഞങ്ങൾ രണ്ടുപേരും വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും ആത്മഹത്യ ചെയ്യുന്ന രംഗമാണ്. ചാകുമ്പോൾ കണ്ണുതുറന്നുപിടിച്ചാണോ എല്ലാവരും നിൽക്കുന്നതെന്ന് സർ (കെ ബാലചന്ദര്‍) ചോദിച്ചു. ‘കമൽ ഞാൻ പറഞ്ഞത് നിനക്ക് ഓർമയുണ്ടല്ലോ’ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ടേക്കിൽ എന്നെ കമൽ ചുംബിക്കണമെന്നാണ് അവരുടെ തീരുമാനം. അത് അങ്ങനെ തന്നെ നടന്നുവെന്നായിരുന്നു രേഖ പറഞ്ഞത്.

എന്റെ അച്ഛൻ പ്രശ്‍നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാൽ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്‍ണ സർ എന്നോടു പറഞ്ഞു. ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവർ പറഞ്ഞു. പക്ഷേ എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമെന്ന ആശങ്കയായിരുന്നു. എന്നാൽ സഹപ്രവർത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി. ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു, അവരെന്ന പറ്റിച്ച് ഉമ്മ തന്നുവെന്ന്. സിനിമ റിലീസ് ചെയ്‍ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാൻ തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് തന്റെ അറിവു കൂടാതെ ചെയ്‍തതാണെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും രേഖ പറഞ്ഞിരുന്നു. എന്തായാലും വിവാദ ചുംബനത്തെ കുറിച്ച് ബിഗ് ബോസില്‍ ചര്‍ച്ചയുണ്ടാകുമോയെന്നാണ് ചില ആരാധകര്‍ ഷോയെ കുറിച്ചുള്ള കമന്റില്‍ ചോദിക്കുന്നത്. രേഖ അതിനെ കുറിച്ച് പറഞ്ഞാല്‍ കമല്‍ഹാസൻ എങ്ങനെയാകും പ്രതികരിക്കുകയെന്നും ആരാധകര്‍ ചോദിക്കുന്നു.