മുംബൈ: ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. തേജസ് എന്ന ചിത്രത്തിലാണ് അടുത്തതായി കങ്കണ വേഷമിടുന്നത്. ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് താരം അഭിനയിക്കുന്നത്. കങ്കണയുടെ ടീമും സിനിമയുടെ അണിയറപ്രവര്‍ത്തകരുമാണ് ചിത്രം പുറത്തുവിട്ടത്. 

''രാവും പകലുമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ശക്തരും ധീരരുമായ സേനയിലുള്ള സ്ത്രീകള്‍ക്ക്... കങ്കണ അടുത്തതായി വ്യോമസേന പൈലറ്റായി അഭിനയിക്കുന്നു, തെജസ് '' പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു. 

റോണി സ്ക്രൂവാലയുടെ ആര്‍എസ്‍വിപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പുറത്തുവന്നതോടെ ആരാധകരെല്ലാം ഇത് ഏറ്റെടുത്തിരിക്കുകയാണ്. കങ്കണക്ക് ആശംസയുമായി നിരവധി പേര്‍ രംഗത്തെത്തി.