കങ്കണ റണൗത്ത് ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്‍ത വിവരം പങ്കുവച്ച് നടി വമിഖ ഗബ്ബി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയ ഷഹീന്‍ബാഗ് ദാദി ബില്‍ക്കീസ് ബാനുവിനെ പരിഹസിച്ച് കങ്കണ നടത്തിയ ട്വീറ്റിനെതിരെ വമിഖ രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് വമിഖയെ കങ്കണ ബ്ലോക്ക് ചെയ്‍തിരിക്കുന്നത്. 

വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ പങ്കെടുക്കാനും ഈ ദാദി എത്തുമെന്നും ഭക്ഷണവും വസ്ത്രവും പണവും മാത്രം കൊടുത്താല്‍ മതിയെന്നുമായിരുന്നു കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ ബില്‍ക്കീസ് ബാനുവിനെക്കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. ഇത് പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ വമിഖ ഇങ്ങനെ കുറിച്ചിരുന്നു- "ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു. അതില്‍ ഇപ്പോള്‍ നാണക്കേട് തോന്നുന്നു. ഹിന്ദു ആവുകയെന്നാല്‍ സ്നേഹമാവുക എന്നാണ്. പക്ഷേ രാവണന്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്‍ ഇങ്ങനെ ആയിത്തീരുമായിരിക്കും. അത്രയും അഹങ്കാരവും ക്രോധവും വിദ്വേഷവും. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി നിങ്ങള്‍ മാറുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു", എന്നായിരുന്നു വമിഖയുടെ പ്രതികരണം. 

കങ്കണ ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്‍തതായ വിവരം പങ്കുവച്ചുകൊണ്ട് വമിഖ നടത്തിയ ട്വീറ്റ് ഇങ്ങനെ- "അവര്‍ എന്നെ ബ്ലോക്ക് ചെയ്യുകയല്ലേ ഉണ്ടായുള്ളൂ എന്നതില്‍ ശരിക്കും സന്തോഷം. ട്വിറ്ററില്‍ സ്ത്രീകളോട് അവര്‍ നേരത്തെ നടത്തിയിട്ടുള്ള പ്രതികരണത്തിന്‍റെ രീതി ആയിരുന്നുവെങ്കില്‍ അത് എന്നെ തകര്‍ത്തേനെ. ഒരുപാട് സ്നേഹത്താല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ", വമിഖ കുറിച്ചു. കര്‍ഷക പ്രതിഷേധത്തിനെതിരെ നിലപാടെടുത്തതിനെ  വിമര്‍ശിച്ചതിന് പഞ്ചാബി ഗായികയും ബിഗ് ബോസ് താരവുമായ ഹിമാന്‍ഷി ഖുറാനയെയും കങ്കണ കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്തിരുന്നു.