കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ കുറയുന്നുവെന്ന് എ.ആർ റഹ്‌മാൻ. അധികാരഘടനയിലെ മാറ്റവും വർഗീയതയും ഇതിന് കാരണമായേക്കാമെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറയുന്നുവെന്ന് തുറന്നുപറഞ്ഞ് എ.ആർ റഹ്‌മാൻ. ഇത്രയും വർഷത്തിനിടയിൽ അധികാര ഘടനയിൽ മാറ്റമുണ്ടായെന്നും ക്രിയേറ്റിവ് അല്ലാത്തവരുടെ കൈകളിലാണ് അധികാരമെന്നും ചിലപ്പോഴൊക്കെ അതിന് വർഗ്ഗീയമാനമുണ്ടായേക്കാമെന്നും എ.ആർ റഹ്‌മാൻ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ എട്ടുവർഷമായി, അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്, സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം. അതിന് വർഗീയ മാനവുമുണ്ടാകാം. 'അവർ നിങ്ങളെ തീരുമാനിച്ചു, പക്ഷേ മ്യൂസിക് കമ്പനികൾ അവരുടെ അഞ്ച് സംഗീതസംവിധായകരെ ഉൾപ്പെടുത്തി' എന്നൊക്കെ അഭ്യൂഹങ്ങളായി എന്റെ കാതിൽ എത്താറുണ്ട്. പക്ഷേ, ഞാൻ സന്തോഷവാനാണ്, എനിക്ക് കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കും. ഞാൻ ഇപ്പോൾ ജോലി തിരഞ്ഞുനടക്കുകയല്ല, എനിക്ക് ജോലി തിരഞ്ഞുപോകേണ്ടതില്ല. ജോലി എന്നെ തേടി വരണം. ഞാൻ അർഹിക്കുന്നതെന്തോ എനിക്ക് ലഭിക്കും." എ.ആർ റഹ്‌മാൻ പറയുന്നു. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു റഹ്‌മാന്റെ പ്രതികരണം.
അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യിൽ ഹാൻസ് സിമ്മറോടൊപ്പം സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്‌മാനാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് ചെയ്യുന്ന രാമായണ ഒരുങ്ങുന്നത്. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയുടെയും വേഷത്തിലെത്തുന്ന ചിത്രത്തിൽ രാവണനായി യാഷും എത്തുന്നുണ്ട്.
കൂടാതെ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എആർ റഹ്‌മാനോടൊപ്പം ലോക സംഗീതത്തിലെ അതുല്യ പ്രതിഭ ഹാൻസ് സിമ്മറും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ശ്രീധർ രാഘയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആദ്യഭാഗം ഈ വർഷത്തെ ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വർഷവുമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 875 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്നത്.



