പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്'.  ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്  ജല്ലിക്കട്ടിനാണ്. നിരവധി പേരാണ് ജല്ലിക്കട്ടിന്റെ എല്ലാ ടീം അം​ഗങ്ങൾക്കും അഭിനന്ദനവുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ.

സമൂഹമാധ്യമങ്ങളിൽ എന്തെഴുതിയാലും അതിലൊരു വിവാദം കരുതി വയ്ക്കുന്ന കങ്കണ ജല്ലിക്കട്ടിനെ അഭിനന്ദിച്ചപ്പോഴും ആ പതിവ് തെറ്റിച്ചില്ല. ബോളിവുഡിലെ സിനിമാ മാഫിയയ്ക്കെതിരെ താരം നടത്തിയ പോരാട്ടം ഫലം കണ്ടുവെന്ന തരത്തിലായിരുന്നു ജല്ലിക്കട്ടിന്റെ നേട്ടത്തെ കങ്കണ വിലയിരുത്തിയത്.

‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരെ ഉയർത്തിയ വിമർശനങ്ങൾ ഫലം കണ്ടിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ നാല് കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുന്നതിനാൽ ജൂറി അവരുടെ ജോലി കൃത്യമായി ചെയ്തു. അഭിനന്ദനങ്ങൾ ടീം ജല്ലിക്കെട്ട്!’, എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയെഴുതിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവാണ് പ്രധാന കഥാപാത്രങ്ങളായി എത്തി. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. 2019ലെ ടൊറന്റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ അന്തരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.