മിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തലൈവി’. ചിത്രത്തില്‍ ജയലളിതയായി അഭിയനയിക്കുന്നത് കങ്കണ റണൗത്ത് ആണ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഒരു ഘട്ടം കൂടി പൂർത്തിയാക്കിയെന്ന് അറിയിച്ചിരിക്കുകയാണ് കങ്കണ.

ട്വീറ്റിലൂടെയാണ് കങ്കണ ഈ വിവരം പങ്കുവച്ചത്. ഒപ്പം ജയലളിതയുടെ പഴയ ചിത്രവും അതിനോട് സാമ്യമുളള കങ്കണയുടെ ക്യാരക്ടർ ഇമേജും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ജയലളിതയുമായി സാമ്യം പുലർത്തുന്ന മേക്കോവറാണ് കങ്കണ നടത്തിയിട്ടുള്ളതെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. പങ്കുവച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. 

"ജയ മായുടെ അനുഗ്രഹത്താൽ വിപ്ലവ നേതാവായ തലൈവിയുടെ ഒരു ഷെഡ്യൂൾ കൂടി ഞങ്ങൾ പൂർത്തിയാക്കി. കൊറോണക്ക് ശേഷം പല കാര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടായി, എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ ഒന്നും തന്നെ മാറിയിട്ടില്ല" കങ്കണ ട്വീറ്റ് ചെയ്തു. 

എഎല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്. ബാഹുബലി, മണികർണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെയും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എംജിആറായി എത്തുന്നത്‌ അരവിന്ദ് സ്വാമിയാണ്.