"ലാല്‍ സിംഗ് ഛദ്ദ സിനിമയ്ക്കെതിരെ ഉയരുന്ന എല്ലാ നെഗറ്റിവിറ്റിയും ആമിര്‍ ഖാന്‍റെ തന്നെ സൃഷ്ടിയായാണ് ഞാന്‍ കാണുന്നത്"

ആമിര്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ബഹിഷ്കരണാഹ്വാനങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. ഈ ബഹിഷ്കരണാഹ്വാനങ്ങള്‍ക്കു പിന്നില്‍ ആമിര്‍ ഖാന്‍ തന്നെയാണെന്നാണ് കങ്കണയുടെ കടുത്ത ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് കങ്കണയുടെ പ്രതികരണം. 

"ലാല്‍ സിംഗ് ഛദ്ദ സിനിമയ്ക്കെതിരെ ഉയരുന്ന എല്ലാ നെഗറ്റിവിറ്റിയും ആമിര്‍ ഖാന്‍റെ തന്നെ സൃഷ്ടിയായാണ് ഞാന്‍ കാണുന്നത്. ഈ വര്‍ഷം ഹിന്ദി സിനിമകളൊന്നും വിജയിച്ചിട്ടില്ല. ഇന്ത്യന്‍ സംസ്കാരത്തില്‍ ആഴത്തില്‍ വേരുകളുള്ളതോ പ്രാദേശികമായ രുചിഭേദങ്ങളോ ഉള്ള തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഒരു ഹോളിവുഡ് റീമേക്ക് ഒരു തരത്തിലും വിജയിക്കുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് ഇന്ത്യ അസഹിഷ്ണുതയുടെ ഇടമാണെന്ന് പറയാം, ഹിന്ദി സിനിമ പ്രേക്ഷകരുടെ തുടിപ്പ് മനസിലാക്കണമെന്നും പറയാം. ഹിന്ദുവിരുദ്ധമായ പികെ നിര്‍മ്മിച്ചതിനും ഇന്ത്യ അസഹിഷ്ണുതയുടെ ഇടമാണെന്ന് പറഞ്ഞതിനും ശേഷമാണ് അദ്ദേഹത്തിന് കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ലഭിച്ചത്. മതത്തെയോ തത്വശാസ്ത്രത്തെയോ ഒന്നും കുറിച്ച് സംസാരിക്കാതെ ദയവായി അവരുടെ മോശം അഭിനയത്തെയും മോശം സിനിമകളെയും വിലയിരുത്തൂ", കങ്കണ കുറിച്ചു.

ALSO READ : ഇത് ദുല്‍ഖറിന്‍റെ പാൻ ഇന്ത്യൻ പ്രണയ കാവ്യം, 'സീതാ രാമം' റിവ്യൂ

അതേസമയം ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തില്‍ ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു. "എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം", ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

ALSO READ : ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയിലേക്ക് 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം ഒരാഴ്ച കേരളത്തില്‍ നിന്ന് നേടിയത്

2014ല്‍ പികെയുടെ വരവോടെയാണ് ആമിറിനെതിരായ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ചില കോണുകളില്‍ നിന്ന് ആരംഭിച്ചത്. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. തൊട്ടടുത്ത വര്‍ഷം ഒരു അഭിമുഖത്തിനിടെ ആമിര്‍ നടത്തി പ്രസ്താവനയും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രാജ്യത്ത് നടക്കുന്ന അസ്വസ്ഥജനകമായ ചില സംഭവങ്ങള്‍ കാരണം തന്‍റെ ഭാര്യ കിരണ്‍ റാവുവിന് ഇവിടെ വിടണമെന്നുണ്ട് എന്നായിരുന്നു പ്രസ്താവന. എന്നാല്‍ കിരണ്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നാലെ ആമിര്‍ പ്രതികരിച്ചിരുന്നു. ആമിറിന്‍റെ 2016 ചിത്രം ദംഗലിന്‍റെ റിലീസ് സമയത്തും ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. എന്നാല്‍ ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിമാറി ദംഗല്‍. പിന്നീട് സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തോടെ ആരംഭിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരായ ക്യാംപെയ്ന്‍ ആണ് ആമിറിനെതിരെയും നീണ്ടത്. 

അതേസമയം സമീപകാല ബോളിവുഡില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ഈ ചിത്രം. തന്‍റെ സ്വപ്ന പദ്ധതിയെന്ന് ആമിര്‍ വിശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിനുവേണ്ടി അദ്ദേഹം ശാരീരികമായ വലിയ മേക്കോവറുകളിലൂടെ കടന്നുപോയിരുന്നു. അദ്വൈത് ചന്ദന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനതന്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.