മുംബൈ: നിര്‍ഭയക്കേസിലെ കുറ്റവാളികൾക്ക് മാപ്പ് നൽകണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിന്‍റെ പ്രസ്താവനക്കെതിരെ കങ്കണ റണാവത്. ഇന്ദിര ജയ്​സിം​ഗിനെ കുറ്റവാളികൾക്കൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടു. ഇവരെ പോലെയുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്ക് ജന്മം നൽകുന്നതെന്നും കങ്കണ വിമര്‍ശിച്ചു.

”ആ സ്ത്രീയെ (ഇന്ദിര ജെയ്‌സിംഗ്) കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലില്‍ അടയ്ക്കണം. അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നത്. ഈ ബലാത്സംഗക്കാരെ നിശബ്ദമായി തൂക്കിക്കൊല്ലണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഒരു മാതൃക വെക്കാൻ കഴിയുന്നില്ലെങ്കിൽ വധശിക്ഷയുടെ അർത്ഥമെന്താണ്? ഇവരെ പരസ്യമായി തൂക്കിക്കൊല്ലണം”-കങ്കണ റണാവത്​ പറഞ്ഞു.

Read Also: നിര്‍ഭയ കേസ്: കുറ്റവാളികള്‍ക്ക് മാപ്പുനല്‍കൂ എന്ന് അഭിഭാഷക, അത് പറയാന്‍ നിങ്ങളാരെന്ന് നിര്‍ഭയയുടെ അമ്മ

സോണിയാ ഗാന്ധിയെ മാതൃകയാക്കി നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നായിരുന്നു നിര്‍ഭയയുടെ അമ്മയോട്  ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടത്. ''ആശാദേവിയുടെ വേദന പൂര്‍ണ്ണമായും മനസ്സിലാക്കുമ്പോഴും നളിനിക്ക് വധശിക്ഷ നല്‍കേണ്ടെന്ന നിലപാടെടുക്കുകയും മാപ്പ് നല്‍കുകയും ചെയ്ത സോണിയാഗാന്ധിയെ മാതൃകയാക്കണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. പക്ഷേ വധശിക്ഷയ്ക്ക് എതിരാണ്'' - എന്നായിരുന്നു ഇന്ദിരാ ജയ്സിംഗ് ട്വിറ്ററിൽ കുറിച്ചിരുന്നത്. 

ഇതിന് പിന്നാലെ നിര്‍ഭയയുടെ അമ്മ ആശാദേവി രം​ഗത്തെത്തിയിരുന്നു. ഇത്തരമൊരു കാര്യം പറയാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു. വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ അവരെ കാണുന്നു. സുഖാന്വേഷണം പോലും നടത്താത്ത അവര്‍ കുറ്റവാളികള്‍ക്കായി സംസാരിക്കുന്നു. ഇത്തരം ആളുകള്‍ കുറ്റവാളികള്‍ക്കുവേണ്ടി സംസാരിക്കുന്നിടത്തോളം കാലം രാജ്യത്തെ ബലാത്സംഗം ഇല്ലാതാകില്ലെന്ന് ആശാദേവി പറഞ്ഞിരുന്നു. മാപ്പ് നല്‍കണമെന്ന് ഉപദേശിക്കാന്‍ ആരാണ് അവര്‍. കുറ്റവാളികളെ തൂക്കിലേറ്റണമെന്ന് രാജ്യമാകെ ആഗ്രഹിക്കുന്നതാണ്. പക്ഷേ ഇവരെപ്പോലുള്ളവരാണ് നീതി നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നതെന്നും ആശാദേവി വിമര്‍ശിച്ചിരുന്നു.

Read More: 'എന്നെ ഉപദേശിക്കാന്‍ അവര്‍ ആരാണ്'; ഇന്ദിര ജെയ്സിംഗിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ