മുംബൈ: രാജ്യദ്രോഹക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരിയും മുംബൈ പൊലീസിന് മുന്നില്‍ ഹാജരായി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. നേരത്തെ ബോംബെ ഹൈക്കോടതി ഇവര്‍ക്ക് അറസ്റ്റില്‍നിന്ന് ഇടക്കാല സുരക്ഷ നല്‍കിയിരുന്നു. വൈ പ്ലസ് സുരക്ഷയോടെ അഭിഭാഷകനൊപ്പമാണ് റണാവത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഉച്ചക്ക് ഒരുമണിയോടെയാണ് ഇരുവരും എത്തിയത്. 

പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇവര്‍ക്ക് മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നു. കങ്കണയുടെയും സഹോദരിയുടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മതസ്പര്‍ധയുണ്ടാക്കുന്നുവെന്നും സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും കാണിച്ചാണ് ബാന്ദ്ര പൊലീസില്‍ പരാതി ലഭിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ റദ്ദാക്കാനും അറസ്റ്റ് ഒഴിവാക്കാനും കങ്കണ ഹൈക്കോടതിയെ സമീപിച്ചു. കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ കോടതിയും പരാമര്‍ശമുന്നയിച്ചിരുന്നു.