'തേജസ്' ഏത് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സിനിമകളുടെ തുടർച്ചയായി പരാജയങ്ങൾക്ക് പിന്നാലെ പുതിയ പരീക്ഷണത്തിനൊരുങ്ങി നടി കങ്കണ റണൌത്ത് (Kangana Ranaut). താരത്തിന്റെ പുതിയ ചിത്രമായ 'തേജസ്' ഒടിടി റിലീസ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഈ സീസണില്‍ പ്രതീക്ഷയോടെ കണ്ടിരുന്ന ധാക്കഡ് (Dhaakad) എന്ന ചിത്രത്തിന്റെ ദയനീയ പരാജയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
'തേജസ്' ഏത് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ധാക്കഡിന് സമാനമായ ബോക്‌സ് ഓഫീസ് പരാജയം ആവര്‍ത്തിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. പരാജയം ആവർത്തിക്കാതിരിക്കാൻ തേജസിന്റെ ചില ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കാന്‍ തീരുമാനിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ തേജസില്‍ എത്തുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍ഷുല്‍ ചൗഹാന്‍, സങ്കല്‍പ് ഗുപ്ത, വരുണ്‍ മിത്ര എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Dhaakad Box Office : ബജറ്റ് 100 കോടി; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് കങ്കണയുടെ ധാക്കഡ്
വന്‍ കാന്‍വാസില്‍ ഒരുങ്ങിയ ആക്ഷന്‍ സ്പൈ ത്രില്ലർ ചിത്രമായിരുന്നു ധാക്കഡ്. 100 കോടിയാണ് ബജറ്റ്. എന്നാൽ തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ ദയനീയ പ്രകടനമാണ് ബോക്സ് ഓഫീസില്‍ നടത്തിയത്. ബോക്സ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. ആദ്യ വാരാന്ത്യ ദിനങ്ങളില്‍ നിന്ന് ചിത്രത്തിന് 2 കോടി പോലും നേടാനായില്ല. സാറ്റലൈറ്റ്, ഡിജിറ്റല്‍ വില്‍പ്പന വഴി നിര്‍മ്മാതാക്കള്‍ക്ക് ഒരുപരിധി വരെ നഷ്ടം നികത്താമെന്നും വിലയിരുത്തലുണ്ട്. പക്ഷേ ആദ്യമെത്തിയ ചില മികച്ച ഓഫറുകള്‍ കൂടുതല്‍ മികച്ചത് വരുമെന്ന പ്രതീക്ഷയില്‍ നിര്‍മ്മാതാക്കള്‍ നിരസിച്ചിരുന്നു. ആ വഴിക്ക് ലഭിക്കുമായിരുന്നു ഭേദപ്പെട്ട വരുമാനത്തെ ഇതും ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Dhaakad : കങ്കണയുടെ 'ധാക്കഡി'ന്റെ എട്ടാം ദിവസം വിറ്റുപോയത് 20 ടിക്കറ്റുകള്‍
ഏജന്‍റ് അഗ്നി എന്നാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമായിരുന്നു ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്.
