ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കങ്കണ റണാവത്ത്, ദുരിതബാധിതരോട് സ്വന്തം റെസ്റ്റോറന്റിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചു. 50 രൂപയുടെ കച്ചവടം മാത്രമാണ് ഇന്നലെ നടന്നതെന്ന് കങ്കണ പറഞ്ഞു.
ഷിംല: വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളിലെ ദുരിതബാധിതരെ സന്ദർശിക്കുന്നതിനിടെ സ്വന്തം ദുരിതം പറഞ്ഞ് എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള തന്‍റെ റെസ്റ്റോറന്‍റിലെ സാമ്പത്തിക പ്രയാസത്തെ കുറിച്ചാണ് കങ്കണ പറഞ്ഞത്. ഇന്നലെ തന്റെ റെസ്റ്റോറന്റിൽ 50 രൂപയുടെ കച്ചവടം മാത്രമാണ് നടന്നത്. അതേസമയം ശമ്പളയിനത്തിൽ 15 ലക്ഷം രൂപയാണ് നൽകുന്നതെന്ന് കങ്കണ പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിൽ ജനങ്ങൾ പ്രതിഷേധം അറിയിച്ചപ്പോൾ കങ്കണ പറഞ്ഞതിങ്ങനെ- “എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഹിമാചലിലെ താമസക്കാരിയാണ്”.
കങ്കണയുടെ ദി മൗണ്ടൻ സ്റ്റോറി
കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ജീവിതം വഴിമുട്ടിയ ജനതയോടാണ് കങ്കണ റണാവത്ത് സ്വന്തം സങ്കടം പറഞ്ഞത്. ഈ വർഷം ആദ്യമാണ് കങ്കണ മണാലിയിൽ "ദി മൗണ്ടൻ സ്റ്റോറി" എന്ന റെസ്റ്റോറന്റ് ആരംഭിച്ചത്. ഹിമാചൽ വിഭവങ്ങളാ് ഇവിടെ പ്രധാനമായും വിളമ്പുന്നത്. വിനോദസഞ്ചാരത്തെ ആശ്രയിച്ച് നിൽക്കുന്ന പ്രദേശമായതിനാൽ മഴയും മണ്ണിടിച്ചിലും റെസ്റ്റോറന്‍റിന്‍റെ പ്രവർത്തനത്തെ ബാധിച്ചു എന്നാണ് കങ്കണ പറഞ്ഞത്.
ഈ മഴക്കാലം വലിയ നാശനഷ്ടമാണ് ഹിമാചലിൽ വിതച്ചത്. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂൺ 20-ന് ആരംഭിച്ച മൺസൂൺ സീസൺ സംസ്ഥാനത്തുടനീളം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഇതുവരെ 419 പേർ മരിച്ചു. 52 പേർ മണ്ണിടിച്ചിലിലും, 45 പേർ കുത്തനെയുള്ള ചരിവുകളിൽ നിന്ന് വീണും 17 പേർ മേഘവിസ്ഫോടനത്തിലും, 11 പേർ മിന്നൽ പ്രളയത്തിലും മരിച്ചു. ഒഴുക്കിൽപ്പെട്ടും റോഡപകടങ്ങളിൽ പെട്ടും നിരവധി പേർ മരിച്ചു.
മഴക്കെടുതിയിൽ വലഞ്ഞ് ഹിമാചൽ
സോളാങ്ങ് ഗ്രാമത്തിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കങ്കണ പറഞ്ഞു. കൂടുതൽ മണ്ണൊലിപ്പ് തടയാൻ ബിയാസ് നദിയുടെ ഒഴുക്ക് തിരിച്ചുവിടണമെന്ന ആവശ്യം ഗ്രാമീണർ മുന്നോട്ടുവച്ചു. സോളാങ്ങും പൽച്ചാനും സന്ദർശിച്ചപ്പോൾ, മണാലി മുൻ എം.എൽ.എ ഗോവിന്ദ് സിംഗ് താക്കൂറും കങ്കണയ്ക്ക് ഒപ്പമുണ്ടായിരുന്നു. അപകടത്തിന്റെ വ്യാപ്തിയെക്കുറിച്ച് പ്രദേശവാസികൾ അവരെ ധരിപ്പിച്ചു.
ഹിമാചലിൽ മഴ ഭീഷണി ഇതുവരെ ഒഴിഞ്ഞിട്ടില്ല. ബിലാസ്പൂർ, കാൻഗ്ര, മാണ്ഡി, സിർമൗർ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഷിംല, കാൻഗ്ര, പാലംപൂർ, മുരാരി ദേവി, സുന്ദർനഗർ എന്നിവിടങ്ങളിൽ ഇടിമിന്നലുമുണ്ടായി. ഈ കാലാവസ്ഥ കാരണം റോഡ് ഗതാഗതം സാരമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 566 ഇടങ്ങളിൽ റോഡുകൾ അടച്ചിട്ടു, അതിൽ രണ്ട് ദേശീയ പാതകളും ഉൾപ്പെടുന്നു. എൻഎച്ച്-3 (അട്ടാരി-ലേ റോഡ്),എൻഎച്ച്-503എ (അമൃത്സർ-ഭോട്ട റോഡ്) എന്നിവയാണത്.


