ചെന്നൈ: ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള 'തലൈവി'യുടെ പോസ്റ്ററുകള്‍ പുറത്തു വന്നപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടിയാണ് കങ്കണ റണൗട്ട്. ജയലളിതയായുള്ള കങ്കണയുടെ രൂപത്തെ ട്രോളി സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. പച്ച സാരി ധരിച്ച് കങ്കണ പ്രത്യക്ഷപ്പെടുന്ന 'തലൈവി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കണക്കിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് പുതിയ പോസ്റ്ററിലൂടെ കങ്കണ.

ജയലളിതയുടെ ജന്മദിനത്തിലാണ് പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ജയലളിതയെ അനുസ്മരിച്ചു കൊണ്ട് കങ്കണയുടെ സഹോദരി രംഗോലി ചന്ദേലും ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു . ഗംഭീര മേക്കോവറില്‍ എത്തിയ പുതിയ പോസ്റ്റര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന 'തലൈവി' എ എല്‍ വിജയ് ആണ് സംവിധാനം ചെയ്യുന്നത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ എം ജി ആറായി എത്തുന്നത്. സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണ് കങ്കണ എത്തുന്നത്. കെ ആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിയ്ക്ക് തിരക്കഥ എഴുതുന്നത്.