നേരത്തെ നല്‍കിയ 29 പേജുള്ള പരാതി ഭേദഗതി ചെയ്ത് 92 പേജുള്ള പരാതിയാണ് പുതുതായി നല്‍കിയത്.
മുംബൈ: തന്റെ ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചതിനെ തുടര്‍ന്ന് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണാവത്. നേരത്തെ നല്‍കിയ പരാതില്‍ ഭേദഗതി വരുത്തി രണ്ട് കോടിയാണ് നഷ്ടപരിഹാരമായി ബൃഹദ് മുംബൈ കോര്‍പ്പറേഷനില്‍ നിന്ന് ആവശ്യപ്പെട്ടത്. വിലപിടിപ്പുള്ള വസ്തുക്കളടക്കം തന്റെ ബംഗ്ലാവിന്റെ 40 ശതമാനവും നിയമവിരുദ്ധമായി അധികൃതര്‍ പൊളിച്ചെന്ന് കങ്കണ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. നേരത്തെ നല്‍കിയ 29 പേജുള്ള പരാതി ഭേദഗതി ചെയ്ത് 92 പേജുള്ള പരാതിയാണ് പുതുതായി നല്‍കിയത്.
കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത് വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. അനധികൃമായി നിര്‍മ്മിച്ച ഭാഗമാണ് പൊളിച്ചു നീക്കിയതെന്ന് ബിഎംസി പറഞ്ഞെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടര്‍ന്ന് ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ കങ്കണക്കനുകൂലമായി രംഗത്തെത്തി. ശിവസേനയെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് കങ്കണയും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എംപി ജയ ബച്ചനും കങ്കണക്കെതിരെ രംഗത്തെത്തി. മുംബൈ പാക് അധീന കശ്മീരിന് തുല്യമാണെന്ന് കങ്കണ പറഞ്ഞതോടെയാണ് വിവാദമുടലെടുക്കുന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്തെത്തിയതോടെ വന്‍ വിവാദമായി.
