ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി വെള്ളിത്തിരയിലെത്തുന്ന കങ്കണ റാണൗട്ടിനെ ട്രോളിൽ പൊതിഞ്ഞ് സൈബർ ലോകം. ഇന്നലെ തലൈവിയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിൽ ജയലളിതയായി മേക്കപ്പണിഞ്ഞ് നിൽക്കുന്ന കങ്കണയ്ക്കെതിരെയാണ് ട്രോളുകൾ സജീവമായിരിക്കുന്നത്. ജയലളിതയുമായി യാതൊരു സാമ്യവുമില്ലെന്നും ബൊമ്മയെപ്പോലെ ഇരിക്കുന്നുവെന്നുമാണ് പ്രധാന ആക്ഷേപം. മേക്കപ്പ് ദുരന്തമെന്ന് വരെ പ്രതികരിച്ചവരുണ്ട്. നിരവധി പേരാണ് ട്വിറ്ററിൽ പ്രതികരണമറിയിച്ചിരിക്കുന്നത്. സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നാണ് ചിലരുടെ അഭിപ്രായം. 

പ്രോസ്തെറ്റിക് മേക്കപ്പാണ് ഇതിൽ കങ്കണ ഉപയോ​ഗിച്ചിരിക്കുന്നത്. തമിഴിൽ തലൈവി എന്നും ഹിന്ദിയിൽ ജയ എന്നും പേരിട്ടിരിക്കുന്ന ചിത്രത്തിൽ എംജിആറായി എത്തുന്നത് അരവിന്ദ് സാമിയാണ്. കെ. ആർ. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിങ്ങൾക്കറിയാവുന്ന പേര്, എന്നാൽ നിങ്ങൾക്കറിയാത്ത ജീവിത കഥ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ജയലളിതയുടെ സിനിമാ- രാഷ്ട്രീയ ജീവിതം വ്യക്തമായി പറയുന്നു എന്ന സൂചന നൽകുന്നതാണ് ടീസർ.