കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്തും പുറത്തുമൊക്കെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. സിനിമ താരങ്ങളടക്കം പ്രിയ വാര്യര്‍ക്ക് ആരാധകരായുണ്ട്. ഒമര്‍ ലുലുവിന്റെ സിനിമയിലൂടെയായിരുന്നു പ്രിയ വാര്യര്‍ സിനിമയിലെത്തിയത്. ഇപ്പോഴിതാ പ്രിയ വാര്യര്‍ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കന്നഡ നടൻ ജഗ്ഗേഷ്. ഒരു ചടങ്ങില്‍ പ്രിയ വാര്യര്‍ അതിഥിയായി പങ്കെടുത്തതാണ് ജഗ്ഗേഷ് വിമര്‍ശിക്കുന്നത്. അതേസമയം പ്രിയ വാര്യര്‍ക്കു പിന്തുണയുമായും ആരാധകര്‍ രംഗതത് എത്തിയിട്ടുണ്ട്.

ബംഗലൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രിയ വാര്യര്‍ അതിഥിയായി എത്തിയത്. ഇന്ന് ഞാന്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു. ഈ യുവനടി അവിടെ വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. രാജ്യത്തിന് ഒരു സംഭാവനയും ഇവരില്‍ നിന്നില്ല. ഇവർ എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല. അനാഥരെ നോക്കി വളര്‍ത്തിയ മദര്‍തെരേസയുമല്ല. ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണിറുക്കിയതുകൊണ്ടു മാത്രം ശ്രദ്ധ നേടിയ ഒരു സാധാരണ പെണ്‍കുട്ടിയാണത്. നൂറോളം സിനിമകള്‍ ചെയ്‍ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിജിക്കുമൊപ്പമാണ് അവര്‍ വേദിയില്‍ ഇരുന്നത്. ഇത്രയും പ്രതിഭകള്‍ക്കു മുമ്പില്‍ കണ്ണിറുക്കുന്ന ഒരു പെണ്‍കുട്ടിയെ മാതൃകയാക്കുനതിലൂടെ നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്. ചടങ്ങില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ഈഗോ ആയി കണക്കാക്കുമായിരുന്നുവെന്നും ജഗ്ഗേഷ് പറയുന്നു.