മറുഭാഷാ പ്രേക്ഷകര്‍ക്ക് രുചിച്ചോ 'കണ്ണൂര്‍ സ്ക്വാഡ്'? ഒടിടി റിലീസിന് ശേഷമുള്ള അഭിപ്രായം ഇങ്ങനെ
മലയാളം ഒറിജിനലിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്

മലയാള സിനിമയില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ അര്‍ധരാത്രിയില്‍ ആയിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം പക്ഷേ റിലീസ് ദിനത്തില്‍ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയിരുന്നു. പോസിറ്റീവ് അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസിലും പ്രതിഫലിപ്പിച്ച ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 82 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രം ഒടിടിയില്‍ സ്വീകരിക്കപ്പെട്ടോ?
തിയറ്റര്‍ റിലീസില്‍ നിന്ന് വ്യത്യസ്തമായി ഇതരഭാഷാ പ്രേക്ഷകര്‍ക്ക് ചിത്രം കാണാനുള്ള അവസരമാണ് ഒടിടി റിലീസ് ഒരുക്കുന്നത്. മലയാളം ഒറിജിനലിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഇതരഭാഷാ പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണം എക്സില്‍ വന്നുതുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സ്ക്വാഡ് മിസ് ആക്കുന്നപക്ഷം 2023 ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് നിങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള അനലിസ്റ്റ് ആയ സിദ്ധാര്‍ഥ് ശ്രീനിവാസ് എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
മികച്ച ക്രൈം ത്രില്ലര്‍ ആണ് ചിത്രമെന്നും രണ്ടാം പകുതിയിലെ യുപി വില്ലേജ് സീനും ക്ലൈമാക്സും ഗംഭാരമായിരിക്കുന്നെന്നും തെലുങ്ക് പ്രേക്ഷകനായ വിശ്വമോഹന്‍ റെഡ്ഡി കുറിച്ചിരിക്കുന്നു. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ രാത്രിയിലുള്ള ആക്ഷന്‍ സീക്വന്‍സ് വീഡിയോ ആയിത്തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ് ഭാഷയിലുള്ള റിവ്യൂകളും എക്സില്‍ നിരവധി എത്തുന്നുണ്ട്. തീരന്‍ അധികാരം ഒണ്‍ട്ര് എന്ന ചിത്രവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ സ്ക്വാഡ് മികച്ചുനില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്.
അതേസമയം ഒടിടിയില്‍ എത്തിയതോടെ ചിത്രത്തിന്‍റെ തിയറ്റര്‍ റണ്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. പ്രധാന സെന്‍ററുകളില്‍ പിവിആര്‍ പോലെയുള്ള മള്‍ട്ടിപ്ലെക്സുകളില്‍ ചിത്രത്തിന് ഇപ്പോഴും അപൂര്‍വ്വം ഷോകള്‍ ഉണ്ട്.
ALSO READ : തിയറ്ററുകളിലെ 'സ്ലീപ്പര്‍ഹിറ്റ്'; ആ ഹിന്ദി ചിത്രം തമിഴില്‍ എത്തിക്കാന്‍ സൂര്യ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക