ബോക്സ് ഓഫീസില്‍ ചരിത്രമായി കാന്താര.
രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താരയുടെ പ്രീക്വലായി രണ്ടാം ഭാഗവുമെത്തി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് റിലീസിന് ഷെഡ്യൂള്‍ ചെയ്‍തിരുന്നത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തിയത്. ആദ്യ ദിനം 60 കോടിയായിരുന്നു കാന്താര കളക്ഷൻ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയും കാന്താര നേടിയിരുന്നു. ഹിന്ദിയില്‍ നിന്ന് മാത്രം 17 കോടിയും കാന്താര ഓപ്പണിംഗില്‍ നേടിയിരുന്നു. രാജ്യന്റെ വമ്പൻ താരങ്ങളെയും ഞെട്ടിപ്പിക്കുന്ന തരത്തിലാണ് കാന്താര രണ്ടിന് സ്വീകാര്യത ലഭിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.
കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്.
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. ചരിത്രം ആവർത്തിക്കുകയാണ് എന്നാണ് കാന്താര ചാപ്റ്റര്‍ ഒന്നിന് ലഭിക്കുന്ന സ്വീകാര്യതയും തെളിയിക്കുന്നത്. പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്- ബ്രിങ് ഫോർത്ത്.


