ബാഡ്‍മിന്‍റണ്‍ പശ്ചാത്തലമാക്കുന്ന ചിത്രം

'മിന്നല്‍ മുരളി'യിലെ പ്രതിനായകനെ അവതരിപ്പിച്ച് കൈയടി നേടിയ ഗുരു സോമസുന്ദരവും (Guru Somasundaram) ചിത്രത്തിന്‍റെ സംവിധായകന്‍ ബേസില്‍ ജോസഫും (Basil Joseph) ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം വരുന്നു. നവാഗതനായ സഞ്ജു വി സാമുവല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് കപ്പ് (Kapp) എന്നാണ്. ബാഡ്‍മിന്‍റണ്‍ കളിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം അനന്യ ഫിലിംസിന്‍റെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയാണ്. മാത്യു തോമസ് ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ്, ആനന്ദ് റോഷന്‍, റിയ ഷിബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇന്ത്യയ്ക്കു വേണ്ടി ബാഡ്‍മിന്‍റണ്‍ റാക്കറ്റ് ഏന്താന്‍ ആഗ്രഹിക്കുന്ന ഒരു ഇടുക്കിക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. അഖിലേഷ് ലതരാജ്, സെന്‍സണ്‍ ഡ്യുറം എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍, എഡിറ്റിംഗ് റെക്സണ്‍ ജോസഫ്, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വരികള്‍ മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രഞ്ജിത്ത് മോഹന്‍, മുകേഷ് വിഷ്‍ണു, പിആര്‍ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് സിബി ചീരന്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. 

മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ് ആണ് ഗുരു മലയാളത്തില്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രം.