സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. 

പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഇപ്പോഴിതാ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണ്. 

സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. ധർമ്മ പ്രൊഡക്ഷൻസിന്റെയും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. മോഹൻലാലും പ്രണവും ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 കഴിഞ്ഞ മാസം ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിം​ഗ് ആരംഭിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. ബ്രോ ഡാഡി ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ബ്രോ ഡാഡി. 

പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ഹൃദയം റിലീസ് ചെയ്തത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ​ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. 

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.