ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു നായകനാവുന്ന ചോല. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥുമാണ്  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിലാണ്. ജോജു ജോർജും സംവിധായകൻ  കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന് ആശംസകൾ നേർന്ന് കാർത്തിക്ക് സുബ്ബരാജ് രംഗത്തെത്തി. മനോഹരമായ ചിത്രമാണ് ചോലയെന്ന് കാർത്തിക്ക് സുബ്ബരാജ് ട്വീറ്റ് ചെയ്തു.

നേരത്തെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം സനല്‍കുമാര്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ചോല.