Asianet News MalayalamAsianet News Malayalam

ചെന്നൈ പ്രളയം വകവെക്കാതെ വിജയ് ആരാധകര്‍, 'കത്തി'യുടെ റീ റിലീസ് ഷോ ഹൗസ്‍ഫുള്‍; വിമര്‍ശനം

വിജയ് നായകനെന്ന നിലയില്‍ സിനിമയില്‍ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ റീ റിലീസ് സംഘടിപ്പിച്ചത്

kaththi re release show housefull amidst chennai rains 2023 thalapathy vjay nsn
Author
First Published Dec 4, 2023, 11:43 PM IST

സിനിമാപ്രേമികള്‍ രാജ്യമൊട്ടാകെയുണ്ടെങ്കിലും തമിഴ്നാട്ടുകാരോളം സിനിമയെ സ്നേഹിക്കുന്നവര്‍ ഉണ്ടാവില്ല. അവരുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് സിനിമയും തിയറ്ററിലെ കാഴ്ചയും. ഇപ്പോഴിതാ ചെന്നൈ പ്രളയത്തിന്‍റെ സമയത്ത് പഴയ വിജയ് ചിത്രത്തിന്‍റെ റീ റിലീസ് ആണ് വാര്‍ത്തയാവുന്നത്. വിജയ്‍യുടെ 2014 ചിത്രം കത്തിയാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ പ്രമുഖ തിയറ്ററായ രോഹിണി സില്‍വര്‍സ്ക്രീന്‍സില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. 

വിജയ് നായകനെന്ന നിലയില്‍ സിനിമയില്‍ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ റീ റിലീസ് സംഘടിപ്പിച്ചത്. വിജയ് നായകനായ ആദ്യ ചിത്രം നാളൈയ തീര്‍പ്പ് 1992 ഡിസംബര്‍ 4 നാണ് റിലീസ് ചെയ്യപ്പെട്ടത്. കത്തിയുടെ റീ റിലീസിനോടനുബന്ധിച്ച് അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിരുന്നു. ചെന്നൈയില്‍ മഴയും വെള്ളപ്പൊക്കവുമൊക്കെ ശക്തമായിരുന്ന മൂന്നാം തീയതിയിലെ ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രിയതാരത്തെ സ്ക്രീനില്‍ കണ്ട് ആര്‍പ്പ് വിളിക്കുന്ന പ്രേക്ഷകരെ അതില്‍ കാണാം. 

ചെന്നൈ പ്രളയത്തിന്‍റെ ബുദ്ധിമുട്ടുകളില്‍ നട്ടംതിരിയുന്ന സമയത്ത് ഇത്തരത്തില്‍ ഒരു റീ റിലീസ് നടത്തിയതിന്‍റെ യുക്തി ചോദ്യംചെയ്തുള്ള കമന്‍റുകള്‍ വീഡിയോകള്‍ക്ക് താഴെ എത്തുന്നുണ്ട്. തിയറ്ററിനുള്ളില്‍ നിന്നുള്ള വീഡിയോകള്‍ പങ്കുവെക്കുന്ന ബോക്സ് ഓഫീസ് ട്രാക്കര്‍മാരും വിമര്‍ശനം നേരിടുന്നുണ്ട്. അതേസമയം കോയമ്പേടുള്ള രോഹിണി സില്‍വര്‍സ്ക്രീന്‍ അടക്കമുള്ള തിയറ്ററുകള്‍ ഇന്ന് അടഞ്ഞുകിടക്കുകയാണ്.

 

അതേസമയം, മിഷോങ് തീവ്ര ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് വടക്കോട്ടു നീങ്ങുകയാണ്. നാളെ ഉച്ചയ്ക്ക് മുൻപ് ആന്ധ്രയിൽ തീരം തൊടും. ചെന്നൈയിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. പുലർച്ചെ വരെ ഈ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. മഴ പൂർണമായി മാറി രണ്ട് മണിക്കൂറിനു ശേഷമെ വൈദ്യുതി പുന:സ്ഥാപിക്കാൻ സാധിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിഷോങ് കെടുതിയിൽ ചെന്നൈയിൽ 162 ദുരിശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍പോര്‍ട്ടും അടച്ചിരിക്കുകയാണ്. 

ALSO READ : എന്‍റെ വീട്ടിലും വെള്ളം കയറി, എന്തിന് ടാക്സ് അടയ്‍ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്: വിശാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios