20-ാം വയസില്‍ സത്യന്‍റെ അമ്മയായി തുടക്കം; പിന്നീട് മോളിവുഡിന്‍റെ അമ്മ മുഖം
1962 ല്‍ പുറത്തിറങ്ങിയ പുരാണ ചിത്രമായ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്
കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത അറിയുമ്പോള്‍ സിനിമാസ്വാദകരുടെ മനസില്‍ ഓടിത്തുടങ്ങുന്ന റീലുകളില്‍ ഉറപ്പായും അവരുടെ ഏതെങ്കിലുമൊരു അമ്മ വേഷം ആയിരിക്കും. ബിഗ് സ്ക്രീനില്‍ അവരഭിനയിച്ച അത്രയധികം അമ്മ വേഷങ്ങള്‍ നമ്മുടെ മനസില്‍ മായാതെയുണ്ട്. നായകന്മാരുടെ അമ്മ വേഷങ്ങള്‍ വരുമ്പോള്‍ പതിറ്റാണ്ടുകളോളം സംവിധായകര്‍ ആദ്യം അന്വേഷിച്ചതും ഈ അഭിനേത്രിയുടെ ഡേറ്റ് ലഭ്യമാണോ എന്നതായിരുന്നു. ഇപ്പോഴത്തെ തലമുറയുടെ മനസില്‍ ഏറ്റവുമധികം പതിഞ്ഞിട്ടുള്ള കവിയൂര്‍ പൊന്നമ്മയുടെ അമ്മ വേഷങ്ങള്‍ മോഹന്‍ലാലുമൊത്ത് ഉള്ളതായിരിക്കാമെങ്കിലും അഭിനയജീവിതത്തിന്‍റെ തുടക്കം മുതല്‍ അവര്‍ അത്തരം വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
1962 ല്‍ പുറത്തിറങ്ങിയ പുരാണ ചിത്രമായ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് കവിയൂര്‍ പൊന്നമ്മ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1964 ല്‍ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലൂടെ അവര്‍ അമ്മ വേഷങ്ങളിലേക്ക് എത്തി. ഈ ചിത്രത്തില്‍ ഷീലയുടെ അമ്മ വേഷം ആയിരുന്നു. 1965 ല്‍ പുറത്തിറങ്ങിയ തൊമ്മന്‍റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി. പ്രേം നസീര്‍- സത്യന്‍ കാലത്തുനിന്ന് സോമന്‍- സുകുമാരന്‍ കാലത്തിലൂടെ മോഹന്‍ലാല്‍- മമ്മൂട്ടി കാലത്തില്‍ എത്തിയപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലേക്കുള്ള ആദ്യത്തെ ചോയ്സ് കവിയൂര്‍ പൊന്നമ്മ തന്നെ ആയിരുന്നു.
മലയാള സിനിമയില്‍ ഒരു കാലത്തെ തലമുറമാറ്റം നടക്കുന്ന സമയത്ത് അമ്മ റോളുകളിലേക്ക് കവിയൂര്‍ പൊന്നമ്മയെ വീണ്ടും പ്രതിഷ്ഠിച്ചത് പത്മരാജന്‍റെ തിങ്കളാഴ്ച നല്ല ദിവസം (1985) എന്ന ചിത്രമാണ്. അമ്മയുടെ ഷഷ്‍ടിപൂര്‍ത്തി ആഘോഷിക്കാന്‍ പലയിടങ്ങളില്‍ നിന്ന് മക്കളും കൊച്ചുമക്കളുമൊക്കെ എത്തുന്ന ഗൃഹാതുരതയുടേതായ പ്ലോട്ട് ആണ് പത്മരാജന്‍ ഈ ചിത്രത്തിനായി ഒരുക്കിയത്. ഭൂതകാലത്തോടുള്ള വൈകാരിക അടുപ്പത്തേക്കാള്‍ തങ്ങളുടെ ഇന്നത്തെ ആവശ്യങ്ങള്‍ പ്രധാനമായ മക്കള്‍ക്ക് അമ്മ താമസിക്കുന്ന ആ തറവാടും സ്ഥലവും വില്‍ക്കണമെന്നായിരുന്നു. മലയാളി സിനിമാപ്രേമിയുമായി വൈകാരികമായി കണക്റ്റ് ചെയ്യുന്നതില്‍ വിജയിച്ച ഈ ചിത്രം കവിയൂര്‍ പൊന്നമ്മയെ സംബന്ധിച്ചും കരിയറിലെ അടുത്ത കാലത്തേക്കുള്ള ബ്രേക്ക് ആയിരുന്നു.
വൈകാരികമായ ആഴമുള്ള ഒരുപിടി ചിത്രങ്ങളാണ് പില്‍ക്കാലത്തും മലയാള സിനിമയുടെ അമ്മ മുഖമായി കവിയൂര്‍ പൊന്നമ്മയെ സിനിമാസ്വാദകരുടെ മനസിലേക്ക് ചേര്‍ത്ത് നിര്‍ത്തിയത്. കിരീടവും തനിയാവര്‍ത്തനവും അടക്കമുള്ള നിരവധി ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ട്. അതേസമയം അമ്മ വേഷങ്ങളിലെ ആദ്യ ചോയ്സ് ആയിരുന്നതിനാല്‍ മറ്റ് തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് അധികം ക്ഷണിക്കപ്പെട്ടില്ല എന്നത് കവിയൂര്‍ പൊന്നമ്മ നേരിട്ട വെല്ലുവിളി ആയിരുന്നു. എന്നാല്‍ ലഭിച്ചപ്പോഴൊക്കെ ആ വേറിട്ട വേഷങ്ങള്‍ അവര്‍ മികവുറ്റതാക്കിയിട്ടുമുണ്ട്. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത റാണി എന്ന ചിത്രത്തിലെ കഥാപാത്രം അത്തരത്തിലുള്ള ഒന്നായിരുന്നു.