ക്രൈസ്തവ  സമൂഹത്തിന്‍റെ ആശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

കൊച്ചി: ഇശോ സിനിമ വിവാദത്തിൽ പരോക്ഷ വിമർശനവുമായി കെസിബിസി. കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം കൂടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ മത വികാരത്തെ മുറിപ്പെടുത്തരുതെന്നും കെസിബിസി വിമര്‍ശിച്ചു.

ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത സിനിമ മേഖലയിൽ വർദ്ധിക്കുകയാണ്. ഒരു സമൂഹത്തിന്‍റെ മത വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവഹേളിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ഭൂഷണമല്ല. ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിച്ചിരുന്നു. പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്നാണ് നാദിർഷയുടെ നിലപാട്. 

വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു. തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ സംഘടന പൊതുസമൂഹം പിന്തുണ നല്‍കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona