തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ഹാസ്യകലാകാരൻ  കരവാരം വല്ലത്തുകോണം ചന്ദ്രികാ ഭവനിൽ ഷാബുരാജിന്  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം  രണ്ട് ലക്ഷം രൂപ കൈമാറി. സാംസ്ക്കാരിക നിയമ വകുപ്പ് മന്ത്രി എകെബാലൻ ഷാബുരാജിന്റെ വീട്ടിലെത്തി ഷാബുവിന്റെ വിധവ  ചന്ദ്രികക്ക് ചെക്ക് കൈമാറി. 

ഏക വരുമാന ദായകൻ മരണപ്പെട്ടതിനെ തുടർന്ന് കഷ്ടതയിലായ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നും, വാതരോഗത്താൽ കഷ്ടത അനുഭവിക്കുന്ന ചന്ദ്രികയ്ക്ക് അടിയന്തര ചികിത്സാസഹായം അനുവദിക്കണമെന്നുമുള്ള ചന്ദ്രികയുടെ അപേക്ഷ അഡ്വ. ബി സത്യൻ എംഎൽഎ മന്ത്രിക്ക് കൈമാറി. അടിയന്തിര ചികിത്സാ ധനസഹായമായി 50,000 രൂപ അനുവദിക്കുമെന്നും, തുടർ ചികിത്സക്ക്  പണം ആവശ്യമുള്ള പക്ഷം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഷാബുവിന്റെ നാലു മക്കളിൽ മൂത്ത മകൻ  ജീവന് പട്ടികജാതി വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം തരത്തിൽ പ്രവേശനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പാതിവഴിയിൽ നിലച്ചുപോയ ഷാബുരാജിന്റെ ഭവന നിർമ്മാണം  പൂർത്തീകരിക്കാൻ  ആവശ്യമായതെല്ലാം ചെയ്തു നൽകുമെന്ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാർ പിന്നണി പ്രവർത്തകർ അറിയിച്ചു.  ഷാബുവിന്റെ കുടുംബത്തിന് രാജകുമാരി ഗ്രൂപ്പ് 50,000 രൂപയുടെ സഹായധനം നൽകി.