ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: ജെഎസ്കെ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമ ജൂലൈ 17ന് റിലീസ് ചെയ്യും.പ്രശ്നം പരിഹരിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്. ടീസറിലും പരസ്യങ്ങളിലുമുള്ള സിനിമയുടെ പഴയ പേര് നിയമ പ്രശ്നങ്ങൾക്ക് വഴി തെളിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ജൂൺ മാസം 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. ജൂൺ 21ന് സെൻസർ ബോർഡ് പ്രവേശനാനുമതി നിഷേധിക്കുകയും അതിനെത്തുടർന്ന് അണിയറ പ്രവർത്തകർക്ക് ഹൈക്കോടതിയിൽ പോകേണ്ടി വരികയും ചെയ്തിരുന്നു. ജാനകി എന്ന പേര് മാറ്റണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ ജാനകി വി. vs സ്റ്റോറ്റ് ഓഫ് കേരള എന്നാക്കി സിനിമയുടെ പേര് മാറ്റുകയും ചെയ്തു. പേരടക്കം ഏഴ് മാറ്റങ്ങളോടെയാണ് ജെഎസ്കെ തിയറ്ററിലേക്ക് എത്തുന്നത്.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. പ്രവീണ്‍ നാരായണനാണ് സംവിധാനം.



