സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. നമുക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കൂം കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നതെന്നും ജയസൂര്യ 

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ മികച്ച നടി, നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ജയസൂര്യയും (Jayasurya) അന്നാ ബെന്നും (Anna Ben). മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. വെള്ളത്തിലെത് അഭിനയം ആയിരുന്നില്ല, അനുഭവം ആയിരുന്നു. കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണിത്. വലിയൊരു സന്ദേശം വെള്ളം എന്ന സിനിമയിലൂടെ നൽകാനായെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിൻ്റെ സംവിധായകൻ പ്രജേഷ് സെന്നിന് ഒപ്പമാണ് ജയസൂര്യ മാധ്യമങ്ങളെ കണ്ടത്.

സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. തനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കൂം കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നതെന്നും ജയസൂര്യ പറഞ്ഞു. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി അന്നാ ബെൻ പറഞ്ഞു. അവാർഡ് കപ്പേള ടീമിന് സമർപ്പിക്കുന്നുവെന്നും അന്നാ ബെൻ പറഞ്ഞു. 

മികച്ച സംവിധായകനായി സിദ്ധാർഥ് ശിവയെ തെരഞ്ഞെടുത്തു. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാർഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.

മികച്ച വിഷ്വൽ എഫക്ട്സിനുള്ള അവാർഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തിൽ റിയ സൈറയും (അയ്യപ്പനും കോശിയും) അവാർഡ് നേടി. ആർട്ടിക്കിൾ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടി.