'നൻപകല്‍ നേരത്ത് മയക്കം' മികച്ച ചിത്രമായി തെരഞ്ഞെടുത്ത് ജൂറി നടത്തിയ വിലയിരുത്തല്‍.
കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'നൻപകല്‍ നേരത്ത് മയക്ക'മാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. നവീനമായ ഒരു ദൃശ്യഭാഷ ആയിരുന്നു ചിത്രത്തിന് ഉപയോഗിച്ചതെന്ന് ജൂറി സാക്ഷ്യപ്പെടുത്തുന്നു.
മരണവും ജനനവും സ്വപ്‍നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ആഖ്യാനത്തിലൂടെ ദാര്‍ശനികവും മാനവികവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ചിത്രം. അതിര്‍ത്തികള്‍ രൂപപ്പെടുത്തുന്ന മനുഷ്യരുടെ മനസ്സിലാണെന്ന യാഥാര്‍ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്‍കരിക്കുന്നു ഈ സിനിമ. നവീനമായ ഒരു ദൃശ്യ ഭാഷയുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്‍മയകരമായ ദൃശ്യാനുഭവം എന്നും ജൂറി വിലയിരുത്തുന്നു. കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിന് നിര്‍മാതാവിന് 2,00000 രൂപയും ശില്‍പവും പ്രശസ്‍തിപത്രവും സംവിധായകന് 2,00000 രൂപയും ശില്‍പവും പ്രശസ്‍തിപത്രവും ലഭിക്കും.
മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം'. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എസ് ഹരീഷിന്റേതാണ് ചിത്രത്തിന് തിരക്കഥ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലും ചിത്രം 'നൻപകല്‍ നേരത്ത് മയക്കം' കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് പ്രീമിയര്‍ ചെയ്‍ത്. മമ്മൂട്ടി നായകനായ ചിത്രം കാണാൻ തിയറ്റര്‍ കവിഞ്ഞും ആള്‍ക്കാരുണ്ടായിരുന്നു. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും രംഗത്ത് എത്തിയിരുന്നു. 'നൻ പകൽ നേരത്ത്' സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‍ബുക്കില്‍ കുറിച്ചിരുന്നത്.
Read More: ആറാമതും മികച്ച നടൻ, അഭിനയത്തികവിന് അംഗീകാരം, പുരസ്‍കാര നിറവില്‍ മമ്മൂട്ടി
