തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30 നാണ് അവാർഡുകൾ പ്രഖ്യാപിക്കുക. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്.

ലിജോ ജോസിൻറെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിൻറെ മൂത്തോൻ, സജിൻ ബാബുവിന്‍റെ ബിരിയാണി, ടികെ രാജീവ് കൂമാർ സംവിധാനം ചെയ്ത കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, മധു നാരായണന്‍റെ കുമ്പളങ്ങി നൈറ്റ്സ്, മനു അശോകന്‍റെ ഉയരെ, പിആ‌ർ അരുണിന്‍റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്‍റെ ഉണ്ട, പ്രിയദർശന്‍റെ മരക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ മുന്നിലുളളത്.

മൂത്തോൻ വഴി നിവിൻ പോളിയും അമ്പിളിയിലൂടെ സൗബിൻ ഷാഹിറും ഇഷ്ക്കിലൂടെ ഷെയ്ൻ നിഗവും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്.

ഉയരെയിലൂടെ വീണ്ടു പാർവ്വതി മികച്ച നടിയാകുമോ അതോ പ്രതി പൂവൻകോഴിയിലൂടെ മഞ്ജുവാര്യരോ, കുമ്പളങ്ങി നൈറ്റ്സ് - ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്. ബിരിയാണിയിലൂടെ മോസ്ക്കോ മേളയിലെ ബ്രിസ്ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ കനി കുസൃതി ഇവിടെയും നേട്ടം ആവർത്തിക്കുമോ എന്നതും ആകാംക്ഷയുണ്ടാക്കുന്നു. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാരം നിശ്ചയിച്ചത്.