അക്ഷയ് കുമാർ നായകനായ കേസരി 2, ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥ പറയുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു.

മുംബൈ: തിയേറ്ററുകളിൽ കേസരി 2 മിസ് ആയവര്‍ക്കായി ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തു. അക്ഷയ് കുമാർ, അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കേസരി ചാപ്റ്റർ 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻവാലാബാഗ് ഇപ്പോള്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങി. ഏപ്രിൽ 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി വന്‍ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയിരുന്നു.

ജൂണ്‍ 13ന് ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇതുവരെ പറഞ്ഞ് കേള്‍ക്കാത്ത രചിത്രത്തിലെ ആ ഇതിഹാസ കഥ കാണൂ എന്നാണ് ജിയോ ഹോട്ട്സ്റ്റാര്‍ ചിത്രം സ്ട്രീം ചെയ്യാന്‍ തുടങ്ങിയത് സംബന്ധിച്ച പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയത്.

കരൺ സിംഗ് ത്യാഗിയാണ് കേസരി 2 സംവിധാനം ചെയ്കിരിക്കുന്നത്. 'കേസരി ചാപ്റ്റർ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്.

നിറയെ ഇമോഷൻസും ഡ്രാമയും ഉള്ള കോർട്ട്റൂം സിനിമയാണ് കേസരി 2 എന്നാണ് വ്യാപകമായി ലഭിച്ച റിവ്യൂ. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണം ഉണ്ടാക്കുന്നുണ്ട്.

അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.