മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'.
ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ്യ ചിത്രമാണ് ‘കെജിഎഫ് 2’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻവരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ഇപ്പോഴിതാ താരത്തിന്റ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
അധീര എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘നിങ്ങള്‍ എല്ലാവരും റിലീസ് തീയതിക്കായി കാത്തിരിക്കുകയാണെന്ന് അറിയാം. കുറച്ച് കൂടി കാത്തിരിക്കു. കാരണം ആ കാത്തിരിപ്പ് നല്ലതിനായിരിക്കുമെന്നാണ്’ സഞ്ജയ് ദത്ത് പോസ്റ്റര്‍ പങ്കുവെച്ച് പറഞ്ഞത്.
ഇന്നലെ ചിത്രത്തിന്റെ റിലീസ് ഡിസംബറിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തോടെ അത് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ചിത്രം സെപ്റ്റംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു.
മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് ഒന്നാം ഭാഗം റിലീസ് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
