Asianet News MalayalamAsianet News Malayalam

KGF 3 : മാര്‍വല്‍ യൂണിവേഴ്‌സ് ലെവലില്‍ 'കെജിഎഫ് 3'; ചിത്രീകരണം ഉടനെന്ന് നിര്‍മ്മാതാവ്

ഈ വർഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് വിജയ് കിരഗന്ദൂര്‍ പറയുന്നത്.

KGF producer reveals Chapter 3 will start Marvel kind of universe
Author
Hyderabad, First Published May 14, 2022, 3:47 PM IST

ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു 'കെജിഎഫ് 2' (KGF Chapter 2). ആപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത താരത്തിൽ ​ഗംഭീരപ്രകടനം തന്നെയാണ് ചിത്രം കാഴ്ചവച്ചതും. ബോക്സ് ഓഫീസിൽ ഓരോ ദിവസം കഴിയുന്തോറും മിന്നും പ്രകടനമാണ് യാഷ് ചിത്രം കാഴ്ചവയ്ക്കുന്നത്. രണ്ടാം ഭാ​ഗത്തിന് പിന്നാലെ മൂന്നാം ഭാ​ഗവും വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവിരങ്ങൾ അറിയിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.

ഈ വർഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ‌മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.

Read More: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍

'പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തിൽ ആരംഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിനു ശേഷമാണ് കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു മാര്‍വല്‍ യൂണിവേഴ്‌സ് ശൈലിയിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആ​ഗ്രഹിക്കുന്നത്. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും', എന്ന് നിർമാതാവ് വ്യക്തമാക്കുന്നു.

Read Also: KGF Chapter 3 : 'കെജിഎഫ് ചാപ്റ്റര്‍ 3' സത്യമോ? വെളിപ്പെടുത്തലുമായി എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

‌ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് മാത്രമല്ല, ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും കെജിഎഫ് സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ കാര്‍ത്തിക് ഗൌഡ 
നേരത്തെ പ്രതികരിച്ചിരുന്നു. ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയത് 240 കോടിയാണ്! ഏതൊരു ഇന്ത്യന്‍ ഭാഷാ ചിത്രത്തെയും സംബന്ധിച്ച് സ്വപ്ന നേട്ടമാണ് ഇത്. കേരളമുള്‍പ്പെടെയുള്ള നിരവധി മാര്‍ക്കറ്റുകളില്‍ റെക്കോര്‍ഡ് ഓപണിംഗ് ആണ് കെജിഎഫ് 2 നേടിയിരിക്കുന്നത്. 

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.

Follow Us:
Download App:
  • android
  • ios