ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 240 കോടിയാണ് നേടിയത്

ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വല്‍ ആയിരുന്നു കെജിഎഫിന്റേത് (KGF Chapter 2). ഈ 14ന് തിയറ്ററുകളിലെത്തിയ രണ്ടാം ഭാഗം തങ്ങളുടെ പ്രതീക്ഷ കാത്തുവെന്ന പൊതു അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ഉയര്‍ന്നത്. ആയതിനാല്‍ത്തന്നെ ആര്‍ആര്‍ആറിനു ശേഷം ഇന്ത്യന്‍ ബോക്സ് ഓഫീസ് കാണുന്ന മികച്ച വിജയമായി ചിത്രം മാറുകയാണ്. അതേസമയം ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള (KGF Chapter 3) ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ട്. 

കെജിഎഫ് ചാപ്റ്റര്‍ 2 ന്‍റെ ടെയ്‍ല്‍ എൻഡിലാണ് ഒരു മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രേക്ഷകര്‍ക്കുള്ള സൂചന നല്‍കിയിരിക്കുന്നത്. യഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഭായ്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും ഈ ഭാഗത്തിലെന്നാണ് പുതിയ ചിത്രത്തില്‍ നിന്നുള്ള സൂചന. എന്നാല്‍ ഇത് അണിയറക്കാര്‍ ഒരു ഹൈപ്പിനു വേണ്ടി മാത്രം ചെയ്‍തതാണോ എന്ന സംശയവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ചാപ്റ്റര്‍ 2 ന്‍റെ പ്രൊമോഷണല്‍ വേളയില്‍ ഒരു മൂന്നാം ഭാഗത്തിന്‍റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രശാന്ത് നീല്‍ പറഞ്ഞ മറുപടിയാണ് അവരെ പ്രധാനമായും ഇത്തരത്തില്‍ ആശയക്കുഴപ്പത്തില്‍ ആക്കിയത്.

ചിത്രത്തിന്‍റെ അടുത്തൊരു ഭാഗം പുറത്തിറക്കണമെങ്കില്‍ ഇനിയൊരു എട്ട് വര്‍ഷം സമയമെങ്കിലും എടുക്കുമെന്നായിരുന്നു തമാശ രൂപത്തില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ ചാപ്റ്റര്‍ 2 ന്‍റെ പോസ്റ്റ് ക്രെഡിറ്റ് സീനുകളില്‍ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ സിനിമാപ്രേമികള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. ഇപ്പോഴിതാ കെജിഎഫ് ആരാധകര്‍ക്ക് സന്തോഷത്തിനുള്ള വക നല്‍കുന്നതാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് മാത്രമല്ല, ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും കെജിഎഫ് ചാപ്റ്റര്‍ 1, 2 സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ കാര്‍ത്തിക് ഗൌഡ പ്രതികരിച്ചു. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക്കിന്‍റെ പ്രതികരണം. ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ പുറത്തെത്തിയേക്കും. മൂന്നാം ഭാഗം കാണാന്‍ ഏതായാലും പ്രശാന്ത് നീല്‍ പറഞ്ഞ കാലയളവ് കാത്തിരിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ ആരാധകര്‍.

ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയത് 240 കോടിയാണ്! ഏതൊരു ഇന്ത്യന്‍ ഭാഷാ ചിത്രത്തെയും സംബന്ധിച്ച് സ്വപ്ന നേട്ടമാണ് ഇത്. കേരളമുള്‍പ്പെടെയുള്ള നിരവധി മാര്‍ക്കറ്റുകളില്‍ റെക്കോര്‍ഡ് ഓപണിംഗ് ആണ് കെജിഎഫ് 2 നേടിയിരിക്കുന്നത്. കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 7.48 കോടി ആണെന്നാണ് വിവരം. ഏതൊരു ഭാഷാ ചിത്രവും കേരളത്തില്‍ നിന്നു നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. ശ്രീകുമാര്‍ മേനോന്‍റെ മോഹന്‍ലാല്‍ ചിത്രം ഒടിയനെ മറികടന്നാണ് കെജിഎഫ് 2 ന്‍റെ നേട്ടം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളെല്ലാം കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ടെങ്കിലും തമിഴ് പതിപ്പിനാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഈ വാരം എത്തിയ വിജയ് ചിത്രം ബീസ്റ്റിന്‍റെ വിതരണവും ഇതേ കമ്പനിയാണ്.