പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് ഖാലിദ് അൽ അമേരി. ഈ ചിത്രങ്ങളിൽ നടിയുമായി കൈകോര്‍ത്തു പിടിച്ച ചിത്രവും സെല്‍ഫിയും ഉണ്ട്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ദുബൈ: രസകരമായതും ആകർഷകവുമായ വീഡിയോകളിലൂടെയും വിവിധ സംസ്കാരങ്ങളുടെ പ്രത്യേകതകൾ എടുത്തു കാണിക്കുന്നതിലൂടെയും പ്രശസ്തനാണ് എമിറാത്തി ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരി. സോഷ്യൽ മീഡിയയിലുട നീളം ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഖാലിദിന്‍റെ വീഡിയോയ്ക്ക് മലയാളികളായ ആരാധകരും ധാരാളമുണ്ട്. നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ഖാലിദ് കേരളത്തിലും എത്തിയിട്ടുണ്ട്. ‘ടർബോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഖാലിദ് മമ്മൂട്ടിയെ അഭിമുഖം ചെയ്ത് വലിയ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ 'ചാത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ്' എന്ന മലയാള സിനിമയിലും ഖാലിദ് അഭിനയിച്ചിട്ടുണ്ട്. ആദ്യ ഭാര്യയായ സലാമ മുഹമ്മദുമായി ഖാലിദ് വിവാഹബന്ധം വേര്‍പെടുത്തിയതായി സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഖാലിദ് നിലവിൽ പ്രണയത്തിലാണെന്നും വിവാഹ നിശ്ചയും കഴിഞ്ഞെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം ജൂൺ 26ന് ഖാലിദ് അൽ അമേരി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മോതിരം കൈമാറ്റത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെന്ന രീതിയില്‍ വിരലുകള്‍ കോര്‍ത്തു പിടിച്ച ചിത്രമാണ് ഖാലിദ് പങ്കുവെച്ചത്. അതേ ചിത്രം തന്നെ തെന്നിന്ത്യൻ നടി സുനൈന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്നു. ഇത്തരം അഭ്യൂഹങ്ങളെ ശരിവെക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച പിറന്നാൾ പോസ്റ്റിലാണ് ഖാലിദ് അൽ അമേരി ഈ 'സർപ്രൈസ്' ഒളിപ്പിച്ചത്. ഒന്നിലധികം വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തിയ ഈ പോസ്റ്റിലെ അവസാന ചിത്രമായിരുന്നു നടി സുനൈന യെല്ലയുമായിട്ടുള്ള ഒരു കണ്ണാടി സെൽഫി. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് സുനൈന. ഹൃദയസ്പർശിയായ ഈ ചിത്രത്തിൽ പർപ്പിൾ നിറത്തിലുള്ള മനോഹരമായ സാരി ധരിച്ച് സുനൈനയും കറുത്ത ഷർട്ടും പാന്റും ധരിച്ച് ഖാലിദും പരസ്പരം കൈകോർത്ത് നിൽക്കുന്നതായി കാണാം.
ഇൻഫ്ലുവൻസർ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിലും സുനൈനക്കൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒന്നിൽ അവർ കൈകോർത്ത് നിൽക്കുന്നതും മറ്റൊന്നിൽ അടുത്തടുത്ത് നിൽക്കുന്നതുമാണ്. 'മനോഹരമായ പിറന്നാളിന് നന്ദി' എന്ന അടിക്കുറിപ്പാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇതോടെ ഖാലിദും സുനൈനയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കൂടുതൽ ശക്തമാകുകയാണ്. വർഷങ്ങളായി ഹാസ്യ വീഡിയോകൾ ചെയ്യുന്ന ഖാലിദ് അൽ അമേരിക്ക് 3.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.



