കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ആയി ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരിക്കുന്നു. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാതെയുള്ളവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എംപി ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുമലതയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്‍ബു രംഗത്ത് എത്തി.

കൊവിഡിനെതിരെ പോരാടാൻ ജനങ്ങളോട് പ്രധാനമന്ത്രി സഹകരണം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സിറ്റിസണ്‍ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമര്‍ജൻസി സിറ്റുവേഷൻ ഫണ്ടും (പിഎം കെയര്‍ ) പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളെയും നേരിടാനാണ് ഫണ്ട്. പിഎം കെയറിലേക്കാണ് സുമലത ഒരു കോടി രൂപ എംപി  ഫണ്ടില്‍ നിന്ന് നല്‍കിയിരിക്കുന്നത്. തന്റെ എംപി ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ നല്‍കിയ സുമലതയെ അഭിനന്ദിച്ച് ഖുശ്‍ബു രംഗത്ത് എത്തി. നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്,  നിങ്ങളൊരു മാതൃകയാവുകയാണ് എന്നാണ് ഖുശ്‍ബു പറഞ്ഞത്. ഖുശ്‍ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് എത്തി. എംപി ഫണ്ടില്‍ നിന്നുള്ള പണമാണ്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്‍ട്രീയത്തിന്റെയും പുറത്തല്ല പണം നല്‍കിയത്. സമൂഹജീവി എന്ന നിലയില്‍ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുകയെന്നും സുമലത പറഞ്ഞു.