"തന്‍റെ ആരാധകര്‍ നിരാശരാകാതിരിക്കാന്‍ റഹ്‍മാന്‍ എല്ലായ്‍പ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു"

എ ആര്‍ റഹ്‍മാന്‍റെ ചെന്നൈ സംഗീത നിശ സംഘാടന പിഴവിനെ തുടര്‍ന്ന് വാര്‍ത്തയും വിവാദവുമായിരുന്നു. സെപ്റ്റംബര്‍ 10 ഞായറാഴ്ച ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലര്‍ക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. തിക്കിലും തിരക്കിലും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം നടന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍.

വില കൂടിയ പാസ് കൈവശമുണ്ടായിരുന്നിട്ടും സംഗീതനിശയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ തന്‍റെ മകളും ഉണ്ടെന്ന് പറയുന്നു ഖുഷ്ബു. എന്നാല്‍ റഹ്‍മാന്‍ അല്ല സംഭവവികാസങ്ങള്‍ക്ക് കാരണമെന്നും. എക്സിലൂടെയാണ് ഖുഷ്ബുവിന്‍റെ പ്രതികരണം. "ചെന്നൈ സംഗീത നിശയില്‍ എ ആര്‍ റഹ്‍മാന്‍ ആരാധകര്‍ നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞു. തന്‍റെ ആരാധകര്‍ നിരാശരാകാതിരിക്കാന്‍ റഹ്‍മാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഡയമണ്ട് പാസ് കൈയില്‍ ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവരില്‍ എന്‍റെ മകളും അവളുടെ സുഹൃത്തുക്കളുമുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ അവര്‍ക്ക് മൂന്ന് മണിക്കൂറിലേറെ സമയം എടുത്തു. വളരെ നിര്‍ഭാഗ്യകരമായിപ്പോയി അത്." 

"പക്ഷേ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് എ ആര്‍ റഹ്‍മാനെ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ആവില്ല. റഹ്‍മാന്‍റെ ഒരു ലൈഫ് പെര്‍ഫോമന്‍സ് കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെക്കുറിച്ച് ധാരണയില്ലാതെയിരുന്ന സംഘാടകരുടെ സമ്പൂര്‍ണ്ണ പരാജയമാണ് ഇത്. തന്‍റെ സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും സ്നേഹവും സമാധാനവും പങ്കുവെക്കുന്ന ആളാണ് റഹ്‍മാന്‍. അദ്ദേഹം അര്‍ഹിക്കുന്നത് എന്താണോ അത് തുടര്‍ന്നും നല്‍കുക. അദ്ദേഹത്തിനൊപ്പം നില്‍ക്കുക. എല്ലാം ശരിയാവുമെന്ന് പറയുക", ഖുഷ്ബു എക്സില്‍ കുറിച്ചു.

അതേസമയം വിവാദത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി റഹ്‍മാനും രംഗത്തെത്തിയിരുന്നു. "പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാതെ ഉള്ളില്‍ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു. എല്ലാം നല്ല ഉദ്ദേശത്തോടെയാണ് ചെയ്തത്. പക്ഷേ...", റഹ്‍മാന്‍ പറഞ്ഞു. തന്‍റെ ടീം വിവരങ്ങള്‍ ശേഖരിക്കുന്ന മുറയ്ക്ക് ഒരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടാവുമെന്നും ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ റഹ്‍മാന്‍ പ്രതികരിച്ചിരുന്നു.

ALSO READ : 'ജയിലറി'നെ തൂക്കുമോ 'ലിയോ'? റിലീസിന് 37 ദിവസം ശേഷിക്കെ റെക്കോര്‍ഡുമായി വിജയ് ചിത്രം

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ