തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശം ചോര്‍ന്നു. മാധ്യമങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശമാണ് ചോര്‍ന്നത്. സംഭവം വിവാദമായതിനാല്‍ ഖുശ്‍ബു പ്രതികരണവുമായി എത്തുകയും ചെയ്‍തു. ശബ്‍ദ സന്ദേശം ചോര്‍ത്തിയവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു ഖുശ്‍ബു. അത്തരം ആള്‍ക്കാരെ ഓര്‍ത്ത് അപലപിക്കുന്നുവെന്നും ഖുശ്‍ബു പറഞ്ഞു.

സീരിയല്‍ നിര്‍മ്മാതാക്കളുള്ള വാട്‍സ് അപ് ഗ്രൂപ്പിലായിരുന്നു ഖുശ്‍ബു ശബ്‍ദ സന്ദേശം അയച്ചിരുന്നത്. എഴുപത് ദിവസങ്ങള്‍ക്ക് ശേഷം സീരിയല്‍ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ഖുശ്‍ബു ശബ്‍ദ സന്ദേശം അയച്ചത്. സീരിയല്‍  ചിത്രീകരണം തുടങ്ങാൻ തമിഴ്‍നാട് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഫോട്ടോയെടുക്കാനോ വീഡിയോ എടുക്കാനോ മാധ്യമങ്ങളെ അനുവദിക്കരുത് എന്നായിരുന്നു ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അവര്‍ നമ്മളെ തെറ്റിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോള്‍ കൊവിഡ് വാര്‍ത്തകള്‍ അല്ലാതെ മറ്റൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ട് ചിത്രീകരണം തുടങ്ങിയാല്‍ നമ്മളെ കുറിച്ച് എന്തെങ്കിലും എഴുതാൻ അവര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധിക്കുക എന്നുമായിരുന്നു ഖുശ്‍ബുവിന്റെ ശബ്‍ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ടെലിവിഷൻ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്കുള്ളതായിരുന്നു ശബ്‍ദ സന്ദേശം. ഇത് ചോര്‍ന്നതോടെ വൻ വിവാദമായി. ഖുശ്‍ബു മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവെന്നായിരുന്നു വിമര്‍ശനം. ഇതോടെയാണ് ഖുശ്‍ബു പ്രതികരണവുമായി രംഗത്ത് എത്തിയത്. എന്റെ ശബ്‍ദ സന്ദേശം, എഡിറ്റ് ചെയ്‍ത ഭാഗം, മാധ്യമപ്രവര്‍ത്തരെ കുറിച്ചുള്ളത് പ്രചരിക്കുന്നുണ്ട്. ഇത് നമ്മുടെ പ്രൊഡ്യൂസേഴ്‍സ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയതാണ്. അത്തരം ചിന്താഗതിയുള്ള ആള്‍ നമ്മുടെ ഇടയിലുണ്ടല്ലോ എന്നോര്‍ത്ത് ഞാൻ ലജ്ജിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയായിരുന്നില്ല, എന്റെ ഉദ്ദേശ്യം വ്യക്തമാണ്. സുഹൃത്തുക്കളോട് സംസാരിക്കുന്നതു പോലെയുള്ളതാണ് അതെന്നും ഖുശ്‍ബു പറയുന്നു.

തന്റെ 34 വര്‍ഷത്തെ കരിയറിനുള്ളില്‍ ഒരിക്കലും മാധ്യമപ്രവര്‍ത്തകരെ നിന്ദിച്ചിട്ടില്ലെന്ന് ഖുശ്‍ബു പറയുന്നു. മാധ്യമപ്രവര്‍ത്തകരെ ഞാൻ ബഹുമാനിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. 34 വര്‍ഷത്തെ എന്റെ സിനിമ കരിയറില്‍ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് ഞാൻ മോശം പറയുന്നതോ നിന്ദിക്കുന്നതോ അവര്‍ കേട്ടിട്ടുണ്ടാകില്ല. എന്റെ ശബ്‍ദ സന്ദേശം പൂര്‍ണമായിട്ടല്ല പ്രചരിപ്പിക്കുന്നത്. പക്ഷേ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ഖുശ്‍ബു പറയുന്നു.

ശബ്‍ദ സന്ദേശം തന്റെ ടീമില്‍ നിന്നുള്ളവര്‍ തന്നെയാണ് ചോര്‍ത്തിയത് എന്നതിനാല്‍ താൻ നിരാശയാണെന്നും ഖുശ്‍ബു പറയുന്നു. ആരാണ് ശബ്‍ദ സന്ദേശം പ്രചരിപ്പിച്ചത് എന്ന് അറിയാം അവര്‍ക്ക് മാപ്പ് കൊടുക്കുന്നുവെന്നും ഖുശ്‍ബു പറയുന്നു.

ആരെയാണോ സഹായിക്കാൻ ശ്രമിച്ചത് അവരാണ് ചതിച്ചത് എന്ന് അറിയുന്നത് നിര്‍ഭാഗ്യകരമാണ്. ഏത് നിര്‍മ്മാതാവ് ആണ് ഇത് ചെയ്‍തത് എന്ന് അറിയാം. അയാളുടെ പേര് ഞാൻ പറയുന്നില്ല. എന്റെ മൗനവും ക്ഷമ കൊടുക്കലുമാണ് ഏറ്റവും വലിയ ശിക്ഷ.  ഒരുപാട് മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്, അത് താൻ തുടരുമെന്നും ഖുശ്‍ബു പറയുന്നു.