ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗിൽ റാണി മുഖർജി ഒരു പ്രധാന വേഷത്തിൽ എത്തുന്നു. 

മുംബൈ: ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗിന്‍റെ കാസ്റ്റിംഗ് ലൈന്‍ വളരുകയാണ്. സ്റ്റൈലിഷ് ആക്ഷൻ-ത്രില്ലറിൽ ഇതിനകം അഭിഷേക് ബച്ചൻ, അനിൽ കപൂർ, ജാക്കി ഷ്രോഫ്, സുഹാന ഖാൻ, അർഷാദ് വാർസി, ജയ്ദീപ് അഹ്ലാവത്, അഭയ് വർമ്മ എന്നിവരുടെ പേര് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തില്‍ റാണി മുഖര്‍ജിയും അഭിനയിക്കും എന്നാണ് വിവരം.

റിപ്പോർട്ടുകൾ പ്രകാരം, റാണി കിംഗിൽ ഒരു നിർണായകമായ എക്സ്റ്റൻഡഡ് കാമിയോ റോളിലാണ് എത്തുക എന്നാണ് വിവരം. “റാണി മുഖർജിയും ഷാരൂഖ് ഖാനും കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അൽവിദ ന കെഹ്ന തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അവർ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. 

സുഹാന ഖാന്റെ അമ്മയുടെ വേഷം അവതരിപ്പിക്കാനാണ് റാണി മുഖർജി എത്തുന്നത് എന്നാണ് വിവരം, കൂടാതെ ചിത്രത്തിലെ മുഴുവൻ ആക്ഷന്‍റെ പ്രഭവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വേഷമാണിത്” പിങ്ക്‌വില്ലയോട് കിംഗ് ചിത്രവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

"ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും കിംഗിലേക്ക് ക്ഷണിച്ചപ്പോൾ റാണി മുഖര്‍ജി ഒരു സങ്കോചവും ഇല്ലാതെ വേഷം സ്വീകരിച്ചു. ആ വേഷം കേട്ട അവർ ഉടൻ തന്നെ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചു. റാണി അഭിനയിക്കുന്ന ചിത്രത്തിലെ ഭാഗങ്ങള്‍ കഥാഗതിയില്‍ നിര്‍ണ്ണായകമാണ്" അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കിംഗ് എന്ന ചിത്രം നേരത്തെ സുജോയ് ഘോഷ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു. അദ്ദേഹം പിന്‍മാറിയതിന് പിന്നാലെ സിദ്ധാര്‍ത്ഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായികയെ സംബന്ധിച്ച് അപ്ഡേറ്റാണ് വരുന്നത്. ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും ഷാരൂഖിന്‍റെ ചിത്രത്തില്‍ നായികയായി എത്തുന്നത് ദീപിക പാദുകോണ്‍ ആണെന്നാണ് വിവരം.