കൊച്ചി: സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനത്തെ പൊരിച്ച മീനിന്‍റെ ഉദാഹരണത്തിലൂടെ തുറന്നുപറഞ്ഞ  നടി റിമ കല്ലിങ്കലിനെ കണക്കിന് പരിഹസിച്ചവരാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. റിമക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പൊരിച്ച മീന്‍ പരാമര്‍ശം വിവാദമാകുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. എന്നാല്‍ റിമ പങ്കുവെയ്ക്കാന്‍ ശ്രമിച്ച അതേ ആശയം സിനിമയാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെയാണ് കിരണ്‍ ഈ ആശയം പങ്കുവെയ്ക്കുന്നത്.

വീട്ടിലെ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പാല്‍ കുടിക്കാന്‍ കൊടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പാല്‍ കുറച്ച് നല്‍കുന്നതും ഇതില്‍ ആണ്‍കുട്ടിയുടെ പ്രതികരണവുമാണ് രണ്ട് ഭാഗങ്ങളുള്ള ഷോര്‍ട് ഫിലിമില്‍ ആദ്യത്തേതില്‍ ചിത്രീകരിച്ചിരിക്കുന്നത്. തന്നെ ആക്രമിച്ച ആളുകള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ യുവതിക്ക് ധൈര്യം നല്‍കുന്ന വേലക്കാരിയാണ് രണ്ടാമത്തെ വീഡിയോയില്‍ ഉള്ളത്.

'വെറും പത്ത് സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അത് കിരണ്‍ കാണിച്ചു തന്നു'- വീഡിയോ പങ്കുവെച്ച് ആമിര്‍ പറഞ്ഞു. 

'ഫിഷ് ഫ്രൈ 'എന്ന പേരില്‍ റിമ, പാര്‍വ്വതി, ആഷിഖ് അബു എന്നിവരും വീഡിയോ പങ്കുവെച്ചു. വീഡിയോ പുറത്തിറങ്ങിയതോടെ റിമയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. 'ആമിര്‍ പറഞ്ഞപ്പോള്‍ ആഹാ, പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ'-  റിമയെ പിന്തുണച്ച് ആരാധകര്‍ കമന്‍റ് ചെയ്തു.