രജനികാന്തിന്റെ ആരാധകരെ ആവേശത്തിലാക്കി പ്രഖ്യാപനം.

രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'കോച്ചടൈയാൻ'. സൗന്ദര്യ രജനികാന്തായിരുന്നു ആനിമേറ്റഡ് ചിത്രം സംവിധാനം ചെയ്‍തത്. കെ എസ് രവികുമാറിന്റേതായിരുന്നു കഥ. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിനെ കുറിച്ചുള്ള പുതിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

'കോച്ചടൈയാന്റെ' പശ്ചാത്തല സംഗീതം പുറത്തുവിടുന്നു എന്നാണ് സോണി മ്യൂസിക് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 20നായിരിക്കും റിലീസ്. 'കോച്ചടൈയാൻ' റിലീസ് ചെയ്‍ത കാലത്ത് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് വലിയ പ്രശംസ ലഭിക്കുകയും ചെയ്‍തിരുന്നു. ദീപിക പദുക്കോണ്‍, രുക്‍മിണി വിജയകുമര്‍, ശോഭന, ജാക്കി ഷ്രോഫ്, നാസര്‍, ആര്‍ ശരത്‍കുമാര്, ഷണ്മുഖരാജൻ, രമേഷ് ഖന്ന, സൗന്ദര്യ രജനികാന്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Scroll to load tweet…

രജനികാന്ത് നായകനായി 'ജയിലര്‍' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. മോഹൻലാല്‍ 'ജയിലറി'ല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു 'ജയിലറു'ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രം നിര്‍മിക്കുന്നത്.

Read More: പൈലറ്റ് തലചുറ്റി കിടന്നാൽ വെള്ളം തളിക്കണ്ടേ? അപ്പോള്‍ കയറാന്‍ പാടില്ലെന്ന് പറഞ്ഞ് നിന്നാ മതിയോ?; ഷൈൻ