എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൊല്ലം: രണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.

കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി. 2019ല്‍ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി പുറത്തിറങ്ങിയ കൈതി എന്ന സിനിമയുടെ ഈ ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസിന്‍റെ പരാതി.

കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ കഥ സിനിമയാക്കാമെന്നു പറഞ്ഞ് തമിഴ് നിര്‍മാതാവ് തനിക്ക് അഡ്വാന്‍സ് നല്‍കിയിരുന്നെന്ന് രാജീവ് പറയുന്നു. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈതി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്‍റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് പറയുന്നു.

എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്‍റെ കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

"

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona