ഒരിടവേളയ്‌‍ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന സിനിമ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയതാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണവും തുടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. അഭിനേതാക്കളുടെ ഫോട്ടോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊത്ത് എന്നാണ് സിനിമയുടെ പേര്.

സമ്മര്‍ ഇന്‍ ബത്‌ലഹേമിനുശേഷം രഞ്‍ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമയാണ് ഇത്. ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്‍സിന്റെ ബാനറില്‍ രഞ്‍ജിത്തും വി എം ശശിധരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിൻ മോഷൻ പിക്ചേഴ്‍സ് നിര്‍മിക്കുന്ന സിനിമ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

റോഷൻ മാത്യു ,രഞ്‍ജിത്ത് , വിജിലേഷ് , സുരേഷ് കൃഷ്‍ണ, അതുൽ , നിഖില വിമൽ ,ശ്രീലക്ഷ്‍മി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി ഉണ്ട്.

ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് രഞ്‍ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം ഇന്നും ആരാധകരുടെ ഇഷ്‍ടചിത്രമാണ്. 2015ല്‍ റിലീസ് ചെയ്‍ത സൈഗാള്‍ പാടുകയാണ് ആയിരുന്നു സിബി മലയില്‍ സംവിധാനം ചെയ്‍ത അവസാന ചിത്രം.