കെപിഎസിയിലെ നാടക കാലത്തും ഗുരുവായൂരപ്പന്‍റെയും ശിവന്‍റെയുമൊക്കെ ചിത്രങ്ങള്‍ പെട്ടിയില്‍ കരുതുമായിരുന്നു

കമ്യൂണിസ്റ്റുകാരനായ വിശ്വാസി എന്ന പ്രയോഗം കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം നടന്‍ മുരളിയുടേതാവും. ഇടതുപക്ഷത്തുനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് പ്രചരണത്തിന് ഇറങ്ങിയപ്പോഴും നെറ്റിയിലെ കുറി മായ്ച്ചുകളയാതിരുന്ന മുരളി. കുറി തൊടുന്നത് കുട്ടിക്കാലം മുതലുള്ള ശീലമാണെന്നും വ്യക്തിപരമായി അതില്‍ വൈരുധ്യമൊന്നും തോന്നുന്നില്ലെന്നും മുരളി പറഞ്ഞിട്ടുണ്ട്. അക്കാര്യത്തില്‍ മുരളിയെപ്പോലെയായിരുന്നു കെപിഎസി ലളിതയും (KPAC Lalitha). അച്ഛന്‍ അനന്തന്‍ നായരില്‍ നിന്ന് ആരംഭിക്കുന്ന കമ്യൂണിസ്റ്റ് ബന്ധമാണ് ലളിതയുടേത്. എന്നാല്‍ തികഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തയായിരുന്ന അവര്‍ അവസാനകാലം വരെ പലര്‍ക്കും വൈരുദ്ധ്യമെന്ന് തോന്നുന്ന ഈ രണ്ട് പാതകളിലൂടെ സ്വാഭാവികതയോടെ സഞ്ചരിച്ചു.

നാട്ടില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ലളിതയുടെ അച്ഛന്‍ അനന്തന്‍ നായര്‍. തികഞ്ഞ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അച്ഛനെ ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഏറെ ബഹുമാനിച്ചിരുന്ന ലളിത. അനിനാല്‍ത്തന്നെ അച്ഛന്‍റെ രാഷ്ട്രീയ ആഭിമുഖ്യത്തോടുള്ള ചായ്‍വും ബാല്യത്തിലേ തുടങ്ങി. പില്‍ക്കാലത്ത് കെപിഎസി നാടക സമിതിയില്‍ എത്തുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ലളിത സജീവ പങ്കാളിയായി. കെപിഎസിക്കൊപ്പമുള്ള നാടക യാത്രകളിലാണ് പ്രമുഖരായ പല രാഷ്ട്രീയ നേതാക്കളെയും കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലത്ത് സിപിഐയുടെ മഹിളാസംഘത്തിന്റെ നാല് സംസ്ഥാന ജോയിന്‍റ് സെക്രട്ടറിമാരില്‍ ഒരാള്‍ ലളിതയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമുള്ള പാട്ടും നൃത്തവുമൊക്കെ തയ്യാറാക്കലും വോളണ്ടിയര്‍ ആവലുമൊക്കെയായിരുന്നു അക്കാലത്ത് സംഘടനയിലെ ഉത്തരവാദിത്തങ്ങള്‍.

കമ്യൂണിസം അച്ഛനില്‍ നിന്ന് കിട്ടിയതാണെങ്കില്‍ ഭക്തി അമ്മയില്‍ നിന്നും അവരുടെ കുടുംബത്തില്‍ നിന്നും കൂടെപ്പോന്നതാണെന്ന് ലളിത പറഞ്ഞിട്ടുണ്ട്. യഥാര്‍ഥ പേരായ മഹേശ്വരി എന്ന പേര് ലഭിച്ചതു തന്നെ വീട്ടുകാരുടെ വിശ്വാസത്തിന്‍റെ ഭാഗമായാണ്. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഭജന നടത്തിയതിനു ശേഷം ലഭിച്ച കുട്ടി ആയതിനാലാണ് അവിടുത്തെ ദേവിയായ മഹേശ്വരിയുടെ പേര് കുട്ടിക്ക് നല്‍കിയത്. വളര്‍ന്നപ്പോള്‍ വലിയ ഗുരുവായൂരപ്പന്‍ ഭക്തയായും മാറി ലളിത. കെപിഎസിയിലെ നാടക കാലത്തും ഗുരുവായൂരപ്പന്‍റെയും ശിവന്‍റെയുമൊക്കെ ചിത്രങ്ങള്‍ പെട്ടിയില്‍ ഉണ്ടാവുമായിരുന്നു. ഗുരുവായൂരിന് അടുത്തുനിന്നാവണം തന്‍റെ വിവാഹമെന്ന് ലളിത ആഗ്രഹിച്ചിരുന്നു. വടക്കാഞ്ചേരിക്കാരനായ ഭരതന്‍ ജീവിതത്തിലേക്ക് എത്തിയതിനു പിന്നില്‍ ഈ പ്രാര്‍ഥനയുടെ ഫലവുമുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നു.

ലളിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടിലറിയിച്ചപ്പോള്‍ ഭരതന്‍റെ അമ്മയ്ക്ക് ആദ്യം സമ്മതമായിരുന്നില്ല. എതിര്‍പ്പിനെ മറികടക്കാന്‍ പത്മരാജന്‍ ഉള്‍പ്പെടെയുള്ള ഭരതന്‍റെ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് രഹസ്യമായാണ് ഇരുവരുടെയും വിവാഹം നടത്തിയത്. അവസാനം വീട്ടുകാര്‍ വിവരമറിഞ്ഞപ്പോള്‍ നവവധുവിനെയും കൂട്ടി ഭരതന്‍ വീട്ടിലേക്ക് ചെന്നു. മരുമകളെ കാണാന്‍ മുറിയിലേക്ക് വന്ന ഭരതന്‍റെ അമ്മ കാണുന്നത് ഗുരുവായൂരപ്പന്‍റെ ഛായാചിത്രത്തിനു മുന്നില്‍ വിളക്ക് കൊളുത്തിവച്ച് പ്രാര്‍ഥിക്കുന്ന ലളിതയെയാണ്. തികഞ്ഞ ഭക്തയായിരുന്ന അവരുടെ പരിഭവമെല്ലാം ആ കാഴ്ചയില്‍ അലിഞ്ഞുപോയി.