'കുടുംബവിളക്ക്' ഫെയിം അമൃത നായരുടെ അഭിമുഖത്തിന്റെ വീഡിയോ കാണാം.

'കുടുംബവിളക്കി'ലെ 'ശീതളാ'യെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അമൃത. അമൃതയെ പ്രിയങ്കരിയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രമായിരുന്നെങ്കിലും, മുന്നേയും പല പരമ്പരകളിലും താരം എത്തിയിരുന്നു. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയുമാണ് അമൃത തന്റെ കരിയര്‍ തുടങ്ങുന്നത്. 'കുടുംബവിളക്കി'ലേക്ക് എത്തിയ അമൃതയെ ആരാധകര്‍ സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും പെട്ടെന്നായിരുന്നു 'കുടുംബവിളക്ക് 'പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. നിലവില്‍ പരമ്പരകളിലൊന്നും അഭിനയിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത. യൂട്യൂബിലൂടേയും മറ്റുമായി തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുള്ള അമൃതയുടെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

'കുടുംബവിളക്കി'ല്‍ നിന്നും അമൃത പിന്മാറിയിട്ട് ഒരു വര്‍ഷത്തോളമായി. മിനിസ്‌ക്രീനിലേക്കാണെങ്കിലും താന്‍ ഇനി നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിലേക്ക് ഇല്ല എന്നതുകൊണ്ടാണ് തല്‍ക്കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് അമൃത പറയുന്നത്. നല്ല വേഷമാണെന്ന് തോന്നിയാല്‍ മറ്റൊന്നും ആലോചിക്കാനില്ല, അഭിനയിക്കുമെന്നും അമൃത പറയുന്നുണ്ട്. സിനിമയെ വലിയ ആഗ്രഹമായി കൊണ്ടുനടക്കുന്ന അമൃത 'കുടുംബവിളക്കില്‍' നിന്നും മാറാനുള്ള കാരണം സിനിമയായിരുന്നു. എന്നാല്‍ ഏറെക്കുറെ ഓക്കെയായിരുന്ന സിനിമ പ്രൊജക്ടുകളില്‍ നിന്നും കാരണങ്ങളൊന്നുമില്ലാതെ മാറേണ്ടി വന്നതിനെപ്പറ്റിയും അമൃത അഭിമുഖത്തില്‍ പറയുന്നു.

അമൃതയുടെ വാക്കുകള്‍

സിനിമ ആണെന്ന് കരുതിയായിരുന്നു ആദ്യത്തെ സെറ്റിലെത്തിയത്

'ഫിലിം ഓഡീഷന്‍ എന്ന കരുതിയാണ് ആദ്യത്തെ ഓഡീഷന്‍ അറ്റന്‍ഡ് ചെയ്യുന്നത്. അവിടെ എന്തോ ഒരു ഭാഗ്യത്തിന് എനിക്ക് മാത്രമേ കിട്ടിയുള്ളു. എന്താണെന്ന് ഇപ്പോഴും അറിയില്ല. അപ്പോഴും അറിയില്ല ഇത് സീരിയല്‍ ആയിരുന്നുവെന്ന്. ഷൂട്ടിന്റെ ഡേറ്റെല്ലാം പറഞ്ഞു. നമുക്കാണെങ്കില്‍ ഇതിനെപ്പറ്റിയൊന്നും ഒരു അറിവും ഇല്ല. ഇത്ര കോസ്റ്റിയും എല്ലാം വേണം, എല്ലാം സെറ്റാക്കി ഇന്ന ലൊക്കേഷനിലേക്ക് എത്തണം എന്നു പറഞ്ഞു. അങ്ങനെ അവിടെയെത്തി മേക്കപ്പെല്ലാം ഇട്ട് കഴിഞ്ഞപ്പോ അവര് പറഞ്ഞു, ഇത് പുതിയ സീരിയലാണെന്നും, ക്യാരക്ടര്‍ എന്താണെന്നുമെല്ലാം. അപ്പോഴാണ് സത്യമായിട്ടും ഇതൊരു സീരിയലാണെന്ന് മനസ്സിലായത്. കിട്ടിയത് ആകട്ടെ എന്നുകരുതി മുന്നോട്ടുപോയി.'

സേല്‍സ് ഗേളായാണ് തുടക്കം

'ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോള്‍ സെയില്‍സ് ഗേളായിട്ടായിരുന്നു ആദ്യം വര്‍ക്ക് ചെയ്യുന്നത്. അവിടെ നിന്നാണ് ഓഡീഷന് വരുന്നതും, സെലക്ട് ആകുന്നതുമെല്ലാം. ഞാന്‍ ഹാപ്പിയാണ്. അത്യാവശ്യം സ്ട്രഗിളിംഗ് ഒക്കൊയായിരുന്നു. പക്ഷെ കുഴപ്പമില്ല. വന്ന വഴി മറന്നിട്ടുമില്ല. പണ്ട് അവാര്‍ഡ് ഫംഗ്ഷന്‍ ഒക്കെ ടി.വിയില്‍ കാണുമ്പോളെല്ലാം ഇഷ്ടമായിരുന്നു. അങ്ങനെയാകണം മീഡിയ ഒരു ഇഷ്‍ടമുള്ളതായി മാറുന്നത്. കുടുംബത്തിലോ മറ്റോ, നമുക്ക് ഒരു കണക്ഷനും ഇല്ല. മീഡിയ ഫീല്‍ഡുമായി ബന്ധമുള്ളവരേ ഇല്ല. പക്ഷെ എങ്ങനെയെല്ലാമോ ഇവിടെയെത്തി.'

സിനിമയ്ക്ക് ആയിട്ടായിരുന്നു ഈ ഗ്യാപ്

'കുടുംബവിളക്കി'ല്‍ നിന്നും ഇറങ്ങിയതിന് ശേഷമുള്ള ഗ്യാപ് സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഒന്ന് രണ്ട് പ്രൊജക്ടെല്ലാം ഉറച്ചത് പോലെയുമായിരുന്നു. പക്ഷെ എല്ലാം കയ്യില്‍ നിന്നും പോയി. അവസാന നിമിഷത്തില്‍ എന്തോ കയ്യീന്ന് പോയി. എന്താണ് കാരണമെന്ന് ധാരണ ഒന്നുമില്ല. അള്‍ട്ടിമേറ്റായിട്ടുള്ള ആഗ്രഹം സിനിമ തന്നെയാണ്. അങ്ങനെയുള്ള ക്യാരക്ടര്‍, ഇങ്ങനെയുള്ള ക്യാരക്ടര്‍ എന്നിങ്ങനെയുള്ള വലിയ ആഗ്രഹങ്ങളൊന്നും അല്ല. സിനിമ ചെയ്യണം എന്നത് ആഗ്രഹമാണ്.'

സിനിമയ്ക്കും സീരിയലിനും വലിയ അന്തരമുണ്ട്

'സിനിമാക്കാര്, സീരിയല്‍ നടീനടന്മാര്‍ എന്നതില്‍ വലിയ അന്തരമുണ്ട്. ഈയിടെ അത് എക്‌സിപീരിയന്‍സ് ചെയ്തായിരുന്നു. ഒരു ഉദ്ഘാടനത്തിനിടെ. സ്‌റ്റേജിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്യുമ്പോഴോ, ആളുകളുടെ അംഗീകാരത്തിന്റെ കാരത്തിലാണെങ്കിലും അതുണ്ട്. അത്തരം ചില കാര്യങ്ങള്‍ നമുക്ക് വ്യക്തിപരമായി ചില സങ്കടം ഉണ്ടാക്കും. ഉദ്ഘാടനത്തിനൊക്കെ വിളിച്ചതിനുശേഷം നമ്മളെ മാറ്റി നിര്‍ത്തുന്ന ഫീല്‍ പോലെയാണ് തോന്നുക. നമ്മളെ വിളിക്കാതെ, അവരെ മാത്രം വിളിച്ചാല്‍ മതിയല്ലോ. കുടുംബപ്രേക്ഷകരുടെ സ്‌നേഹവും, തിരിച്ചറിയലുമെല്ലാം സന്തോഷം തന്നെയാണ്. എന്നാലും സിനിമ ചെയ്യണം'

സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള യാത്ര റിസ്‌ക്കാണ്

'പലരും പറഞ്ഞ കാര്യമാണ്, സീരിയലില്‍ വന്നാല്‍ സിനിമ കുറച്ച് റിസ്‌ക് ആകുമെന്നത്. സീരിയല്‍ ചെയ്യാല്‍ തുടങ്ങുന്ന കാലംതന്നെ ആളുകള്‍ പലരും പറയും സീരിയല്‍ ചെയ്‍താല്‍ സിനിമ കിട്ടില്ലായെന്നത്. നമ്മള്‍ ഇപ്പോഴും ഓഡീഷന് പോകുമ്പോള്‍ കേള്‍ക്കുന്നത്, എന്തിനാണ് സീരിയല്‍ ചെയ്തിട്ട് സിനിമയുടെ ഓഡീഷന് പോകുന്നത്.. അത് നടക്കില്ലെന്ന അറിയില്ലേ എന്നതാണ്. അടുത്തിടെ ഒരു ഓഡീഷന് പോയപ്പോളും അതുതന്നെയാണ് സംഭവിച്ചത്. കിട്ടിയില്ല. കാരണം മറ്റെന്തെങ്കിലും കൂടെയാവാം. ഈയൊരു പ്രശ്‌നത്തിന്റെ അടിസ്ഥാനപരമായ കാരണം എന്താണെന്ന് ശരിക്കും ഇപ്പോഴും അറിയില്ല.

സീരിയലില്‍ ഉപയോഗിക്കുന്ന ഡ്രസ്സ് നമ്മളുടേതാണ്

പലരും പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണ്, സീരിയലിന്റെ കോസ്റ്റിയൂം നടീനടന്മാരുടേത് തന്നെയാണെന്ന്. അത് സത്യമാണോയെന്ന് അവതാരകയുടെ ചോദ്യത്തിന് ആണെന്നാണ് അമൃതയുടെ ഉത്തരം. 'ഒരു ദിവസം ചിലപ്പോള്‍ രണ്ടിലധികം കോസ്റ്റിയൂം വേണ്ടി വന്നേക്കാം. പിന്നെ അടുത്തൊന്നും ആ കോസ്റ്റ്യൂം ഇടാന്‍ പാടില്ല. ചിലപ്പോള്‍ ഒരു സീനില്‍ വന്ന് പോകുന്ന എന്തേലുമൊക്കെ ആയിരിക്കും. ഉപയോഗിച്ചത്, വേണമെങ്കില്‍ മൂന്ന് മാസമൊക്കെ കഴിഞ്ഞ് ഉപയോഗിക്കാം. ആദ്യമൊക്കെ ഈ സംഗതി വളരെ റിസ്‌ക്കായിരുന്നു. എന്റെ ഫ്രണ്ട്‌സെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ട്.'

കൂടാതെ പ്രണയം തുളുമ്പുന്ന വരികളോടെ അമൃത പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് വളരെ രസകരമായാണ് ആരാധകര്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'വെള്ളിത്തിര' എന്ന ചിത്രത്തിലെ പാട്ടിന്റെ വരികളായ 'ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്‍പ്പൂ...' എന്ന വരിയോടെയാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. പാട്ടിന്റെ ബാക്കി ഭാഗങ്ങളാണ് ആരാധകര്‍ ചിത്രത്തിന് കമന്റായി നല്‍കിയിരിക്കുന്നത്. കൂടാതെ പ്രണയത്തിലാണോ, വിവാഹം ഉടനെ ഉണ്ടാകുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. അഭിമുഖത്തിലും വിവാഹത്തിനെപ്പറ്റി അമൃത സംസാരിക്കുന്നുണ്ട്. കഴിഞ്ഞ യൂട്യൂബ് വ്‌ലോഗില്‍ കാണിച്ച വിവാഹവസ്ത്രം സെലക്ഷനൊന്നും തന്റെ കല്ല്യാണവുമായി ബന്ധമില്ലായെന്നും, ഒരു മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമായിരിക്കും അത്തരത്തിലുള്ള ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുക എന്നും അമൃത അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന