ആഗോളതലത്തിൽ 300 കോടി നേടിയ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലും മികച്ച പ്രതികരണം നേടുകയാണ്
മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബിലെത്തിയ ചിത്രം കേരളത്തിലെയും റെക്കോര്‍ഡ് ഗ്രോസര്‍ ആണ്. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഇത്. അടുത്തിടെ ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ ഒടിടിയിലൂടെ ചിത്രം കണ്ട് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കുനാല്‍ കപൂര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കുനാല്‍ ബെത്‍ലഹേം ടീമിനുള്ള തന്‍റെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെയാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ് ഞാന്‍ കണ്ട് അവസാനിപ്പിച്ചത്. വലിയ ട്വിസ്റ്റുകള്‍ ഇല്ല, നാടകീയത ഇല്ല. ഉള്ളത് ലളിതമായ ഒരു കഥ. അത് അത്രയും സ്നേഹത്തോടെ പറഞ്ഞപ്പോള്‍ അതൊരു മാജിക് ആയി മാറി. ഗിരീഷ് എ ഡി, നിവിന്‍ പോളി, മമിത ബൈജു, ഭാവന സ്റ്റുഡിയോസ് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, കുനാല്‍ കപൂര്‍ എക്സില്‍ കുറിച്ചു. ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ നിവിന്‍ പോളി ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ഓണത്തിന് ഒരാഴ്ച മുന്‍പേ, ഓഗസ്റ്റ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഈ വര്‍ഷം ഇതുവരെയുള്ള തെന്നിന്ത്യന്‍ റിലീസുകളില്‍ വിദേശത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഇത്.

