Asianet News MalayalamAsianet News Malayalam

'നേട്ടം കൊയ്യട്ടെ'; മുംബൈയില്‍ 'മിന്നല്‍ മുരളി' പ്രിവ്യൂ കണ്ട കുഞ്ചാക്കോ ബോബന്‍ പറയുന്നു

സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രം

kunchacko boban about minnal murali after watching its preview in mumbai before direct ott release on netflix
Author
Thiruvananthapuram, First Published Sep 12, 2021, 11:43 AM IST
  • Facebook
  • Twitter
  • Whatsapp

മലയാളത്തില്‍ നിന്നുള്ള വരാനിരിക്കുന്ന ഡയറക്റ്റ് ഒടിടി റിലീസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'മിന്നല്‍ മുരളി'. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന മിന്നല്‍ മുരളിയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടൊവീനോ തോമസ് ആണ്. ബേസില്‍ ജോസഫ് ആണ് സംവിധാനം. നെറ്റ്ഫ്ളിക്സിലൂടെയാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി ചിത്രം എത്തുക. ഇപ്പോഴിതാ റിലീസിനു മുന്നോടിയായുള്ള ചിത്രത്തിന്‍റെ പ്രിവ്യൂ പ്രദര്‍ശനം മുംബൈയില്‍ നടന്നിരിക്കുകയാണ്. അണിയറക്കാര്‍ക്കൊപ്പം മലയാള സിനിമയില്‍ നിന്ന് ഒരു സര്‍പ്രൈസ് അതിഥിയും പ്രിവ്യൂവിന് എത്തിയിരുന്നു. മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ ആയിരുന്നു അത്. അരവിന്ദ് സ്വാമിക്കൊപ്പം താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈലിംഗ്വല്‍ ചിത്രം 'ഒറ്റി'ന്‍റെ ചിത്രീകരണത്തിനായി മുംബൈയില്‍ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്‍.

ചിത്രം താന്‍ ഏറെ ആസ്വദിച്ചുവെന്ന് പ്രിവ്യൂവിനു ശേഷം അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചു. "മിന്നല്‍ മുരളി പ്രിവ്യൂ കണ്ടു. ഈ മികച്ച ടീമിന്‍റെ സത്യസന്ധമായ പരിശ്രമം നേട്ടങ്ങള്‍ കൊയ്യുന്നതിനായി കാത്തിരിക്കുകയാണ്", ചാക്കോച്ചന്‍ കുറിച്ചു.

kunchacko boban about minnal murali after watching its preview in mumbai before direct ott release on netflix

 

മിന്നല്‍ മുരളിക്കൊപ്പം മൂന്ന് വര്‍ഷത്തോളം നീണ്ട യാത്ര തന്നെ സംബന്ധിച്ച് എത്രത്തോളം വൈകാരികമായ ഒന്നാണെന്ന് പ്രിവ്യൂവിനു ശേഷം സംവിധായകന്‍ ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. "അവസാനം ചിത്രം നെറ്റ്ഫ്ളിക്സിന് കൈമാറിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഇത് കേവലം ഒരു സിനിമയല്ല, മറിച്ച് ഞങ്ങളുടെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. സംഭവബഹുലവും അതേസമയം സംഘര്‍ഷഭരിതവുമായിരുന്നു ഈ ചിത്രവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും. കൊവിഡ് പശ്ചാത്തലം സൃഷ്‍ടിച്ച അനിശ്ചിതാവസ്ഥ കാര്യങ്ങളെ കൂടുതല്‍ കഠിനമാക്കി. പക്ഷേ അതിനൊക്കം ഇടയിലും ഒരു മികച്ച സിനിമ സൃഷ്‍ടിക്കുന്നതിനായി മുഴുവന്‍ അണിയറക്കാരും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു", അഭിനേതാക്കളെയും നിര്‍മ്മാതാവിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ബേസില്‍ കുറിച്ചു.

സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ടൊവീനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. ഓണം തിയട്രിക്കല്‍ റിലീസ് ആയാണ് മിന്നല്‍ മുരളി പ്ലാന്‍ ചെയ്‍തിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ അത് ഉണ്ടായില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios