വിമാനയാത്രികരെയും ജീവനക്കാരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ശേഷവും നാട്ടുകാരുടെ കരുതല്‍ നീണ്ടു. അതിനുദാഹരണമായിരുന്നു വിവിധ ആശുപത്രികളില്‍ രക്തദാനത്തിന് സന്നദ്ധരായി അര്‍ധരാത്രിയും വരിനിന്ന മനുഷ്യര്‍. 

അപ്രതീക്ഷിത ദുരന്തമുഖങ്ങളില്‍ മലയാളികള്‍ പുലര്‍ത്തുന്ന സമചിത്തതയും പ്രവര്‍ത്തനസന്നദ്ധതയും പ്രളയകാലങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ള കാര്യമാണ്. ഇന്നലെ നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനദുരന്തം നടന്നപ്പോഴും കൊവിഡ് ഭീതിയോ പ്രതികൂല കാലാവസ്ഥയോ ഒന്നും കണക്കാക്കാതെ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതും പ്രദേശവാസികളായിരുന്നു. വിമാനയാത്രികരെയും ജീവനക്കാരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ശേഷവും നാട്ടുകാരുടെ കരുതല്‍ നീണ്ടു. അതിനുദാഹരണമായിരുന്നു വിവിധ ആശുപത്രികളില്‍ രക്തദാനത്തിന് സന്നദ്ധരായി അര്‍ധരാത്രിയും വരിനിന്ന മനുഷ്യര്‍. സമൂഹമാധ്യമങ്ങളില്‍ ഏറെയും പ്രചരിച്ച ഇത്തരത്തിലെ വരികളില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേതായിരുന്നു. ഈ ചിത്രം പങ്കുവച്ച് പ്രശംസ അറിയിച്ചവരില്‍ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനുമുണ്ട്.

"കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്.... ഇതാണ് കരുതൽ....", ചിത്രത്തിനൊപ്പം ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളെജ് ഉള്‍പ്പെടെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ആവശ്യമുള്ള രക്തഗ്രൂപ്പുകളുടെ വിവരങ്ങളും കൊവിഡ് പശ്ചാത്തലത്തില്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളും വിവരിച്ച് കോഴിക്കോട് കളക്ടര്‍ രാത്രി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 

അതേസമയം കരിപ്പൂര്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 19 പേരാണ്. അമ്മയും കുഞ്ഞും, രണ്ട് കുട്ടികള്‍, അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ മരിച്ചവരിൽ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗർഭിണിയടക്കം 5 പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്.