ലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ഇന്നും സിനിമയിൽ നിറസാന്നിധ്യമായി താരം ഉണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തോളം എല്ലാവരേയും പോലെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു താരം. അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭവമായ 'നിഴലി'ന്റെ ചിത്രീകരണത്തിലാണ് ചാക്കോച്ചനിപ്പോൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് താരം. 

“സെറ്റുകളിൽ എനിക്ക് ഏറ്റവും കൂടുതൽ നഷ്ടമായത് ഷൂട്ടിംഗ് ഇടവേളകളിൽ ഞങ്ങൾ നടത്തിയ സംഭാഷണങ്ങളും അതിൽ നിന്ന് ഉരുത്തിരിഞ്ഞ വിനോദങ്ങളുമാണ്. കാര്യങ്ങൾ തീർത്തും ഔപചാരികമായി മാറി. ഇത് വളരെ സങ്കടകരമാണ്. ഇപ്പോൾ എല്ലാവരും അവരുടെ ജോലി ചെയ്ത് പോകുന്നു. എന്നിരുന്നാലും, ഞാൻ വളരെയധികം ശുഭാപ്തി വിശ്വാസിയാണ്. നമ്മൾ പഴയ അവസ്ഥയിലേക്ക് മടങ്ങും,” ചാക്കോച്ചൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

നിവിൻ പോളിയെ നായകനാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായാണ് നയൻതാര എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.