തന്റെ പുതിയ ചിത്രമായ 'അനോമി'യുടെ പ്രൊമോഷൻ അഭിമുഖത്തിൽ, സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ച് ഭാവന പ്രതികരിച്ചു. മനസമാധാനമാണ് ഏറ്റവും വിലപ്പെട്ടതെന്നും, അത് തകർക്കാൻ ആഗ്രഹിക്കാത്തതിനാൽ ഇപ്പോൾ കമന്റുകൾ വായിക്കാറില്ലെന്നും താരം വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച താരം, ജീവിത പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് സധൈര്യം മുന്നോട്ട് ഓടുകയാണ്. നിലവിൽ ഭാവനയുടെ കരിയറിലെ 90-ാം ചിത്രമായ അനോമി റിലീസിന് ഒരുങ്ങുകയാണ്. ഇതോട് അനുബന്ധിച്ച് ഭരധ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായി താൻ കരുതുന്നത് മനസമാധാനം ആണെന്നും നെഗറ്റീവ് പറയുന്നവരെ തിരുത്താനാകില്ലെന്നും ഭാവന പറയുന്നു.
"ഞാനിപ്പോൾ കമന്റുകൾ ഒന്നും വായിക്കാറില്ല. മനസമാധാനം എന്നത് എന്നെ സംബന്ധിച്ചിടത്തോളെ ഏറെ പ്രധാനപ്പെട്ടതാണ്. അത് എന്തിന്റെ കാരണത്താലും തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരിക്കലും പറ്റില്ല. അതിന് വേണ്ടി എന്തൊക്കെ വേണ്ടെന്ന് വെക്കണോ അതൊക്കെ ഞാൻ ചെയ്യും. ചില സമയങ്ങളിൽ, എന്നെ ഒന്ന് വെറുതെ വിടൂ പ്ലീസ് എന്ന്.. മതിയായി..നിർത്തൂ..എന്നെ വെറുതെ വിടൂ എന്ന് ഉറക്കെ പറയണമെന്നുണ്ട്. പക്ഷേ പറയാനും പറ്റില്ല, ഇതൊരു ബാറ്റിൽ പോലെ ആണ്. വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത പ്രയാസമാണത്. ഇതൊന്നും മൈന്റ് ചെയ്യാതിരിക്കുകയാണ്. കമന്റുകളൊന്നും വായിക്കാറേ ഇല്ല. ഞാനൊന്നും മാറ്റാൻ ആഗ്രഹിക്കുന്നില്ല. മനസമാധാനമുള്ള മൈന്റാണ് ഈ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്യമെന്നാണ് എന്റെ വിശ്വാസം. എന്നെ മേശമായി പറയുന്നതിലൂടെ അവർക്ക് എന്തെങ്കിലും സുഖം കിട്ടുകയാണെങ്കിൽ അവർ ചെയ്യട്ടെ. എനിക്ക് ഒരു പ്രശ്നവും ഇല്ല. ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നെ വെറുതെ വിട്ടാൽ മതി", എന്നാണ് ഭാവന പറഞ്ഞത്.
താനിപ്പോൾ കാണുന്നത് ത്രില്ലർ സിനിമകളും വാമ്പയർ സീരീസുകളുമൊക്കെ ആണെന്നും ഭാവന പറയുന്നു. "റൊമാന്റിക് കോമഡി സിനിമകളൊന്നും എനിക്കിപ്പോൾ കാണാൻ പറ്റില്ല. ത്രില്ലർ സിനിമകളാണ് ഇഷ്ടം. ഒരുപാട് ക്രൈം ഡോക്യുമെന്ററികൾ ഞാൻ കണ്ടിട്ടുണ്ട്. അതാണെന്റെ റിലാക്സേഷൻ. പത്ത് വർഷം മുൻപ് അങ്ങനെ ആയിരുന്നില്ല. അന്നൊക്കെ ഡോക്യുമെന്റിയോ എന്ന് ചോദിക്കും. ഇപ്പോഴങ്ങനെ അല്ല. വാമ്പയർ സീരീസുകൾ വളരെ ഇഷ്ടമാണ്. എങ്ങനെ വാമ്പയർ ആകാമെന്ന് ഞാൻ ഗൂഗിളിൽ സെർച്ച് വരെ ചെയ്തു നോക്കിയിട്ടുണ്ട്", എന്ന് ഭാവന പറയുന്നു.



