ഞായറാഴ്ച ആയിരുന്നു ജനറല്‍ ബോഡി യോഗം
താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയില്‍ നടന്നത്. മമ്മൂട്ടി ഒഴികെയുള്ള ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത യോഗത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ സാന്നിധ്യം ജഗതി ശ്രീകുമാറിന്‍റേതായിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ജഗതി എത്തുന്നത്. ആദരവോടും സ്നേഹത്തോടുമാണ് അമ്മയിലെ ഓരോ സഹപ്രവര്‍ത്തകരും ജഗതിയുടെ അടുത്ത് ചെന്നത്. ചിരിച്ച മുഖത്തോടെ എല്ലാവരെയും നോക്കുന്ന ജഗതിയെയും അവിടെ നിന്നുള്ള വീഡിയോകളില്‍ കണ്ടു. ഇപ്പോഴിതാ ഏറെ കാലത്തിന് ശേഷം ജഗതി ശ്രീകുമാറിനെ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ കുഞ്ചാക്കോ ബോബന്‍റെ കുറിപ്പ്.
“ഒരുപാട് നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. എന്നെ കണ്ട മാത്രയില്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു. എന്‍റെ കൈ പിടിച്ചു, മുഖത്ത് തലോടി. എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അത്രയും ഉള്ളില്‍ തട്ടിയ ഒരു നിമിഷം”, ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2012 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍. പിന്നീട് സിബിഐ 5 എന്ന ചിത്രത്തിലൂടെ അദ്ദേഹം ക്യാമറക്ക് മുന്നിലേക്ക് വീണ്ടും എത്തി. വരാനിരിക്കുന്ന വല എന്നീ ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.
താരസംഘടനയിൽ വരുന്ന 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് ജനറൽ ബോഡി യോഗം അവസാനിച്ചത്. മോഹൻലാലാണ് തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം മുന്നോട്ട് വച്ചത്. ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലവിലെ ഭരണസമിതി തുടരണമെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന മോഹന്‍ലാലിന്‍റെ നിലപാടാണ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയത്. മോഹൻലാൽ തന്നെയാണ് 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിച്ചത്. ലാലിന്‍റെ നിർദേശം ജനറൽ ബോഡി അംഗീകരിച്ചു. 3 മാസത്തിനകം നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി താരസംഘടനയിൽ തെരഞ്ഞെടുപ്പ് നടക്കും.

